കോലഞ്ചേരി: മകളെ ഉറ്റബന്ധു പീഡിപ്പിച്ചിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയുടെ വെളിപ്പെടുത്തൽ. പുത്തൻകുരിശ് പൊലീസിനോടാണ് അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ ചെങ്ങമനാട് സ്റ്റേഷനിൽ വച്ചാണ് അന്വേഷണസംഘം യുവതിയെ കണ്ടത്.
അതേസമയം ഉറ്റബന്ധുവിനെ ബന്ധുക്കൾ ഉപേക്ഷിച്ച മട്ടാണ്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്നലെ കോലഞ്ചേരി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചപ്പോൾ ഇയാൾക്കായി അഭിഭാഷകൻ ഉണ്ടായിരുന്നില്ല. തുടർന്ന് കോടതി അഭിഭാഷകയെ കെൽസവഴി നിയോഗിച്ചു. കൊലക്കേസ് ചെങ്ങമനാട് പൊലീസും, പോക്സോക്കേസ് പുത്തൻകുരിശ് പൊലീസുമാണ് അന്വേഷിക്കുന്നത്.
അതിനിടെ കുട്ടി പഠിച്ച അങ്കണവാടി അദ്ധ്യാപികയോട് അന്വേഷണം തീരുംവരെ കുഞ്ഞിനെക്കുറിച്ച് ആരോടും സംസാരിക്കരുതെന്ന് പൊലീസ് ഇന്നലെ നിർദ്ദേശിച്ചു.
പ്രതികളെ കാത്ത് 70 ചോദ്യം
കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന അമ്മയ്‌ക്കും പീഡിപ്പിച്ച ഉറ്റബന്ധുവിനുമായി പുത്തൻകുരിശ് പൊലീസ് 70 ചോദ്യങ്ങൾ തയ്യാറാക്കി. മാനസികരോഗ ചികിത്സാ വിദഗ്ദ്ധരുമായും ക്രിമിനോളജിസ്റ്റുകളുമായും ആലോചിച്ചാണ് ചോദ്യപ്പട്ടിക തയ്യാറാക്കിയത്. അമ്മ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഉറ്റബന്ധു റിമാൻഡിൽ മൂവാറ്റുപുഴ സബ് ജയിലിലും. ഇയാളെ ഇന്ന് പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. ചോദ്യംചെയ്യുന്ന സംഘത്തിൽ മനോരോഗ വിദഗ്‌ദ്ധരെയും ഉൾപ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |