ശുഭ്മാൻ ഗില്ലിന് സാദ്ധ്യത ഏറെയെന്ന് റിപ്പോർട്ടുകൾ
മുംബയ് : രോഹിത് ശർമ്മയ്ക്കും വിരാട് കൊഹ്‌ലിക്കും ശേഷമുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ആരുനയിക്കുമെന്ന് ഇന്നറിയാം. അടുത്ത മാസം നടക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റി ഇന്ന് മുംബയ്‌യിൽ ചേരും.
ശുഭ്മാൻ ഗില്ലായിരിക്കും പുതിയ ക്യാപ്ടനെന്ന് ഏറെക്കുറെ ഉറപ്പായെന്ന് റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിതിന്റെ അഭാവത്തിൽ ക്യാപ്ടനായിരുന്ന ജസ്പ്രീത് ബുംറയായിരുന്നു ഫസ്റ്റ് ചോയ്സ്. എന്നാൽ തനിക്ക് എല്ലാ മത്സരങ്ങളും കളിക്കാൻ കഴിയാത്തതിനാൽ ക്യാപ്ടൻസി വേണ്ടെന്ന് ബുംറ സെലക്ടർമാരെ അറിയിച്ചതിനാലാണ് ഗില്ലിലേക്ക് തിരിഞ്ഞത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ മൂന്ന് മത്സരത്തിൽ കൂടുതൽ കളിക്കാൻ തനിക്ക് കഴിയില്ലെന്ന് ബുംറ സെലക്ടർമാരെ അറിയിച്ചതായാണ് വിവരം. ഐ.പി.എല്ലിലൊഴികെ ഇന്ത്യൻ ടീമിനെ ഒരു ഫോർമാറ്റിലും നയിച്ചു പരിചയമില്ലെങ്കിലും എല്ലാ ഫോർമാറ്റിലും സ്ഥിരത പുലർത്തുന്നതാണ് ഗില്ലിന് അനുകൂലഘടകം. ഈ ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റാൻസിന്റെ ക്യാപ്ടനായും ബാറ്ററായും മികച്ച ഫോമിലാണ് ഗിൽ. റിഷഭ് പന്ത്,കെ.എൽ രാഹുൽ എന്നിവരെയും സെലക്ടർമാർ ക്യാപ്ടനാക്കാൻ പരിഗണിച്ചതായാണ് വിവരം. എന്നാൽ പന്ത് ഐ.പി.എല്ലിൽ ബാറ്ററായും കീപ്പറായും ക്യാപ്ടനായും മോശം ഫോമിലാണ്. രാഹുൽ ഐ.പി.എൽ ടീം ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്ടൻസിപോലും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.
ശുഭ്മാൻ ഗില്ലുമായി കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ ടിസ്ഥാനത്തിലായിരിക്കും ടീം പ്രഖ്യാപനം.
തിരിച്ചുവരാൻ കരുൺ, കന്നി ടിക്കറ്റിന് സായ്
എട്ടുവർഷത്തിന് ശേഷം കരുൺനായർ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമെന്ന ശുഭപ്രതീക്ഷയിലാണ്. രഞ്ജി ട്രോഫിയിൽ ഉൾപ്പടെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് കരുൺ കാഴ്ചവച്ചിരുന്നത്. രഞ്ജിയിലെ 10 മത്സരങ്ങളിൽ നാലുസെഞ്ച്വറിയടക്കം 863 റൺസ് കരുൺ നേടിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം കാഴ്ചവച്ച തമിഴ്നാട് ബാറ്റർ സായ് സുദർശനനും ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ്. സായ്‌യും കരുണും ടെസ്റ്റ് പര്യടനത്തിന് മുമ്പ് ഇംഗ്ളണ്ടിൽ ചതുർദിനം കളിക്കാനായി പോകുന്ന ഇന്ത്യൻ എ ടീമിലുണ്ട്.
ന്യൂസിലാൻഡുമായുള്ള പരമ്പരയിൽ ടീമിലുണ്ടായിരുന്ന സർഫ്രാസ് ഖാൻ തിരിച്ചുവരവിനുള്ള പരിശ്രമത്തിലാണ്. ശരീരഭാരം കുറച്ചും ഫിറ്റ്നെസ് ഉറപ്പാക്കിയും സർഫ്രാസ് ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ദേവ്‌ദത്ത് പടിക്കലും പ്രതീക്ഷയിലാണ്.
പഞ്ചാബ് കിംഗ്സിനെ പ്ളേ ഓഫിലെത്തിച്ച നായകൻ ശ്രേയസ് അയ്യരെ ടെസ്റ്റിലേക്ക് പരിഗണിക്കാനിടയില്ലെന്നാണ് സൂചനകൾ. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ കിരീടനേട്ടത്തിൽ പ്രധാനപങ്കുവഹിച്ച ശ്രേയസിനെ വൈറ്റ്ബാൾ ഫോർമാറ്റിലേക്ക് മാത്രം പരിഗണിക്കാനാണ് സാദ്ധ്യത.
വെറ്ററൻ പേസർ മുഹമ്മദ് ഷമിയും ടീമിലുണ്ടാകാൻ സാദ്ധ്യത കുറവാണ്. അഞ്ചു ടെസ്റ്റുകളിലും കളിക്കാനുള്ള ഫിറ്റ്നെസ് ഷമിക്കില്ലെന്നാണ് സൂചന. ആദ്യ മൂന്ന് ടെസ്റ്റുകളിൽ ബുംറയും പിന്നീട് ഷമിയും കളിക്കാനാണ് സാദ്ധ്യത. സിറാജ്,പ്രസിദ്ധ് കൃഷ്ണ,ആകാശ്ദീപ്,ഹർഷിത് റാണ തുടങ്ങിയവരാണ് മറ്റ് പേസർമാർ.
വെറ്ററൻ ബാറ്റർമാരായ ചേതേശ്വർ പുജാരയേയും അജിങ്ക്യ രഹാനെയേയും തിരിച്ചുവിളിക്കാൻ സെലക്ടർമാർക്ക് താത്പര്യമില്ലെന്നാണ് സൂചനകൾ. ആൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ എന്നിവരും സ്പിന്നർ കുൽദീപ് യാദവും ടീമിൽ ഇടം പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |