വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികളെ ചേർക്കുന്നതിന് ഹാർവർഡ് സർവകലാശാലയ്ക്ക് മേൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് താത്കാലികമായി തടഞ്ഞ് യു.എസ് കോടതി. സർക്കാർ തീരുമാനത്തിനെതിരെ ഇന്നലെ ഹാർവർഡ് സർവകലാശാല ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹർജി സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വിധി. സർക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ഹാർവർഡ് ചൂണ്ടിക്കാട്ടി.
ക്യാമ്പസിലെ ചില വിദേശ വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈമാറണമെന്നത് അടക്കമുള്ള സർക്കാർ നിർദ്ദേശങ്ങൾ ഹാർവർഡ് തള്ളിയിരുന്നു. ഇതോടെയാണ് വിദേശ വിദ്യാർത്ഥികളെ ചേർക്കാൻ സർവകലാശാലയ്ക്ക് നൽകിയിട്ടുള്ള അംഗീകാരം റദ്ദാക്കിയത്. ജൂത വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച നിർദ്ദേശങ്ങളും ഹാർവർഡ് നേരത്തെ തള്ളിയിരുന്നു.
ഹാർവർഡിന്റെ വിദ്യാർത്ഥി വിസാ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം പിൻവലിച്ച വിവരം വ്യാഴാഴ്ചയാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചത്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ സർവകലാശാല ഒന്നും ചെയ്തില്ലെന്നും സർവകലാശാലയുടെ നിയമന, അഡ്മിഷൻ നടപടികൾ അടിമുടി മാറ്റണമെന്നും സർക്കാർ പറയുന്നു. സർവകലാശാല ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കുന്നുണ്ടെന്നും സർക്കാർ ആരോപിച്ചു. നിലവിൽ ഏകദേശം 6,800 വിദേശ വിദ്യാർത്ഥികൾ ഹാർവർഡിലുണ്ട്.
ഉപാധികൾ അംഗീകരിക്കണം
ക്യാമ്പസിലെ ജൂത വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ട്രംപ് ആവിഷ്കരിച്ച നിർദ്ദേശങ്ങൾ ഹാർവർഡ് നേരത്തെ തള്ളിയിരുന്നു. ഈ നിർദ്ദേശങ്ങൾ 72 മണിക്കൂറിനുള്ളിൽ അംഗീകരിച്ചാൽ വിലക്ക് ഒഴിവാക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
വിദേശ വിദ്യാർത്ഥികളുടെ അക്രമ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനും ആവശ്യപ്പെട്ടു. ബൈഡൻ ഭരണകൂടത്തിന്റെ അവസാന നാളുകളിൽ ഹാർവർഡ് അടക്കം സർവകലാശാലകളിൽ ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതോടെയാണ് സർക്കാർ നിരീക്ഷണം കടുപ്പിച്ചത്. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |