തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80- ാം പിറന്നാൾ. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, ഭാര്യ കമല വിജയൻ എന്നിവർ ഗവർണറെ സ്വീകരിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ എത്തിയിട്ട് നാളെ ഒമ്പത് വർഷം പൂർത്തിയാകും. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ, യഥാർത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്. ശാരദാ വിലാസം എൽപി സ്കൂളിലും പെരളശേരി ഗവൺമെന്റ് ഹൈസ്കൂളിലും തലശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിന് പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി.
1964ൽ കെഎസ്‌എഫ് സംസ്‌ഥാന കമ്മിറ്റിയംഗമായി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ നിന്ന് യുവജന പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റായി. 1967ൽ സിപിഎമ്മിന്റെ തലശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്‌റ്റംബർ 25ന് പാർട്ടി സെക്രട്ടറിയായി. അതിനുശേഷം കണ്ണൂരിലും മലപ്പുറത്തും കോട്ടയത്തും നടന്ന സ്‌റ്റേറ്റ് കോൺഫറൻസിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പൊളിറ്റ് ബ്യൂറോ അംഗവുമായി. 2016ലാണ് ആദ്യ പിണറായി സർക്കാർ അധികാരമേൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |