വിഴിഞ്ഞം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയും വീടുകൾക്ക് മുകളിൽ മരങ്ങൾ പതിച്ചും നാശനഷ്ടങ്ങളുണ്ടായി. വൈദുതിലൈനിന് പുറത്തേക്ക് മരങ്ങൾ വീണതിനെ തുടർന്ന് ഇന്നലെ വൈകിട്ടുവരെയും പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവല്ലം ഇലക്ട്രിക് സെക്ഷന്റെ കീഴിൽ പലയിടത്തായി പത്തോളം പോസ്റ്റുകൾ ഒടിഞ്ഞു. 20 ഓളം സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടിവീണു. വിഴിഞ്ഞത്തും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ചെയ്തു. ഒരിടത്തും ആളപായമില്ല.വിഴിഞ്ഞം തെരുവ് അശ്വതി ഗാർഡൻസിൽ സുരേഷിന്റെ വീടിനു മുകളിലേക്ക് പ്ലാവ് മരം ഒടിഞ്ഞുവീണു. വെങ്ങാനൂർ ചെന്നക്കൽ മുടിപ്പുരക്ക് സമീപം മരം വീണ് മൂന്നു ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. വെള്ളാർ ജംഗ്ഷനിൽ മരം റോഡിലേക്ക് വീണ് ഗതാഗത തടസമുണ്ടായി.
കാർ കുഴിയിലേക്ക് വീണു
കനത്ത മഴയിൽ കാർ പോർച്ച് ഇടിഞ്ഞുതാഴ്ന്ന് കാർ കുഴിയിലേക്ക് വീണു. വെങ്ങാനൂർ നീലകേശിക്ക് സമീപം ആർ.ഡി.ശ്രീകുമാറിന്റെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിലെ ടോയ്‌ലെറ്റ് കുഴിയുടെ മുകളിലാണ് കാർപോർച്ച് നിർമ്മിച്ചിരുന്നത്. ഇതിന് മുകളിൽ പാർക്ക് ചെയ്തിരുന്ന കാറാണ് സ്ളാബ് തകർന്ന് പകുതിയോളം കുഴിയിലേക്ക് മറിഞ്ഞത്.
വാഴകൾ ഒടിഞ്ഞു വീണു
കുണ്ടറത്തലവീട്ടിൽ പ്രതാപചന്ദ്രൻ നായരുടെ കല്ലിയൂർ കേളേശ്വരം ഭാഗത്ത് വയലിൽ നട്ടിരുന്ന 250 ഓളം വാഴകൾ ഒടിഞ്ഞുവീണു. ഏത്തവാഴകളാണ് ഒടിഞ്ഞുവീണത്. ഇതിൽ കുലച്ചവാഴകളും ഉണ്ടായിരുന്നതായി കർഷകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |