ഇരിട്ടി: വയനാട് - കരിന്തളം 440 കെവി വൈദ്യുതി ലൈൻ കടന്നു പോകുന്ന മാട്ടറയിൽ പ്ലാനിൽ ഇല്ലാത്ത സ്‌ഥലങ്ങളിൽ സർവേ നടത്തുന്നുവെന്ന് ആരോപിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു . മാട്ടറയിലെ ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് ലൈൻ കടന്നുപോകുന്നതെന്ന മുൻതീരുമാനം ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് സർവേ സംഘത്തെ പ്രദേശവാസികൾ തടഞ്ഞത് .
മാട്ടറ മേഖലയിൽ മൂന്ന് ടവറുകളാണ് സ്ഥാപിക്കാനുള്ളത്. രണ്ട് ദിവസം മുൻപ് സർവേയുമായി ബന്ധപ്പെട്ട് എത്തിയ ഉദ്യോഗസ്ഥർ അടയാളപ്പെടുത്തിയ ലൈനിൽ നിന്നും 150 മീറ്റർ മാറിയ നിരവധി വീടുകളുള്ള ഭാഗത്തൂടെയാണ് ലൈൻ കടന്നുപോകുന്നതെന്ന് അറിയിച്ചിരുന്നു . അധികൃതർ പുതുതായി അടയാളപ്പെടുത്താൻ എത്തിയ പ്രദേശത്ത് ഇരുപതോളം വീടുകളാണ് ഉള്ളത്. ഇതിന് പുറമെ നിർമ്മാണത്തിലിരിക്കുന്ന രണ്ട് വീടുകളും പുതിയ പരിധിയിൽ വരുമെന്നറിയിച്ചതോടെ നാട്ടുകാർ ആശങ്കയിലായി.
കൂടുതൽ പേരടങ്ങുന്ന ഉദ്യോഗസ്‌ഥ സംഘം ഇന്നലെ വീണ്ടും എത്തിയപ്പോഴാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥരെ തടഞ്ഞത്. പഴയ കല്ല് അടക്കം കാണിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെട്ട ഉദ്യോഗസ്‌ഥർ വ്യക്‌തത വരുത്തിയ ശേഷം മാത്രമെ സർവേ നടപടി ആരംഭിക്കുകയുള്ളുയെന്ന് ഉറപ്പ് നൽകി. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. പഞ്ചായത്തംഗം സരുൺ തോമസ്, തോമസ് പൂന്നുകുഴി, ഉത്തമൻ കോങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |