മലപ്പുറം: മൺസൂണിന്റെ വരവറിയിച്ച് ജില്ലയിൽ ഇന്നലെ വ്യാപകമായി കനത്ത മഴ ലഭിച്ചു. ശരാശരി 50 മില്ലീ മീറ്റർ മഴ മിക്കയിടങ്ങളിലും ലഭിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ സ്ഥാപിച്ച മഴ മാപിനികളിൽ അങ്ങാടിപ്പുറത്ത് ആണ് ഉയർന്ന മഴ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 86 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. പൊന്നാനി - 82, നിലമ്പൂർ 55.2, കരിപ്പൂർ 75.9 മില്ലീ മീറ്റർ എന്നിങ്ങനെ ആണ് മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ മഴ.
ജില്ലയിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ നേതൃത്വത്തിൽ ഇന്നലെ അടിയന്തര യോഗം ചേർന്നു. സബ് കളക്ടർമാർ, താലൂക്കുതല ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഖനനപ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മണ്ണെടുക്കാൻ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളിൽ മണ്ണ് നീക്കാൻ പാടില്ല. 24 മണിക്കൂർ മഴയില്ലാത്ത സാഹചര്യം വന്നാൽ മാത്രമേ ക്വാറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ പാടുള്ളൂ. ഇക്കാര്യം ജില്ലാ ജിയോളജിസ്റ്റ് ഉറപ്പാക്കണം. പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലങ്ങൾ, കനാൽ പുറമ്പോക്കുകൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകി. നിലമ്പൂർ നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കൂ. അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യൻപാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുൾപ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിൻ, മണ്ണുമാന്തിയന്ത്രങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താൻ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി.
റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാനും മുൻകരുതലുകൾ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി.
എൻ.ഡി.ആർ.എഫ് സംഘമെത്തും
ജൂൺ ഒന്ന് മുതൽ എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യും.
എല്ലാ താലൂക്കുകളിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐ.ആർ.എസ് യോഗം വിളിച്ചു ചേർക്കാൻ അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർക്ക് നിർദ്ദേശം നൽകി.
മഴക്കാലത്ത് സാംക്രമിക രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.
വഴിയോരങ്ങളിലും സ്‌കൂൾ പരിസരങ്ങളിലുമുള്ള അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |