കോഴിക്കോട്: നേരത്തെയെത്തിയ കാലവർഷം ജില്ലയിൽ കനത്ത നാശം വിതയ്ക്കുന്നു. മരങ്ങൾ കടപുഴകിയും പൊട്ടിയും വീണതോടെ ജില്ലയുടെ പലഭാഗത്തും വൈദ്യുതി നിലച്ചു, കുടിവെള്ളം മുട്ടി. നല്ലളം മുണ്ടകപ്പാടത്ത് 110 കെ.വി ഇലക്ട്രിക് ലൈൻ പോകുന്ന ടവർ ചെരിഞ്ഞത് നിരവധി പ്രദേശങ്ങളെ ഏറെ നേരം ഇരുട്ടിലാക്കി. നിലത്തുവീഴാതിരുന്നതിനാലും വൈകാതെ ലൈനിൽ വൈദ്യുതി വിതരണം നിർത്തിയതിനാലും വൻ ദുരന്തം ഒഴിവായി. മഴയ്ക്കൊപ്പം കാറ്റ് ആഞ്ഞുവീശിയതോടെയാണ് ചതുപ്പിൽ തൂണുകൾ ദ്രവിച്ച ടവർ ഇളകി ചാഞ്ഞത്. സമീപത്തെ മറ്റൊരു ടവർ ദ്രവിച്ച് അടിഭാഗം പൊട്ടിയതിനാൽ കമ്പിക്കയർ കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. ചെരിഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ മൂന്ന് ടവറുകൾ മാറ്റുന്നതിനുള്ള പ്രവൃത്തി ആറുമാസംമുമ്പെ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സംഭവം. കോഴിക്കോട് ചേവായൂർ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 110 കെവി ലൈനുകൾ ഘടിപ്പിച്ച ടവറാണ് ചരിഞ്ഞത്. ഇതിനുപകരമായി മറ്റൊരു ഫീഡർ വഴി ചേവായൂരിലേക്ക് വൈദ്യുതി വിതരണം നടത്തിയതിനാൽ വൈദ്യുതി മുടക്കം ഒഴിവായി. ടവർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
മഴ കനത്തതോടെ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വലിയ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. നഗരത്തിൽ മാവൂർ റോഡ്, ചിന്താവളപ്പ്, നടക്കാവ്, കിഡ്‌സൻ കോർണർ, കോട്ടൂളി, എരഞ്ഞിപ്പാലം ബൈപ്പാസ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് തുടരുകയാണ്. മലയോരത്ത് മഴ കനത്ത നാശം വിതച്ചു. കൊടിയത്തൂർ മേഖലയിൽ വാഴകൃഷി വ്യാപകമായി നശിച്ചു. വിളവെടുക്കാൻ പാകമായ വാഴകൾ നശിച്ചതോടെ കർഷകർ കണ്ണീരിലാണ്. കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, മേപ്പയ്യൂർ, തിരുവമ്പാടി, താമരശ്ശേരി മേഖലകളിലെല്ലാം കനത്ത മഴയാണ്. ബേപ്പൂർ ഹാർബർ റോഡ് ജംഗ്ഷനിൽ തുടർച്ചയായി രണ്ട് മരങ്ങൾ വൈദ്യുതി ലൈനുകളിൽ തട്ടി റോഡിൽ വീണതോടെ മണിക്കൂറുകളോളം വൈദ്യുതി വിതരണവും ബേപ്പൂർ ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു.
@ ജാഗ്രതാ നിർദ്ദേശം
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇന്നലെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.അടിയന്തര ഘട്ടങ്ങളിൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകൾ, വാഹനങ്ങൾ, അവശ്യവസ്തുക്കൾ ഉൾപ്പെടെ സജ്ജമാക്കണം. ജില്ലയിലെ ജലസംഭരണികൾ, പുഴകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ എന്നിവയിലെ ജലനിരപ്പ് നിരീക്ഷിക്കാനും അവ തത്സമയം ജില്ലാതല കൺട്രോൾ റൂമിലേക്ക് അറിയിക്കാനും കളക്ടർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. പുഴക്കരകളിലും മറ്റും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വീടുകളിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അടിയന്തര ഘട്ടങ്ങളിൽ മാറിത്താമസിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണം.
@ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
മഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, കടൽത്തീരങ്ങൾ, പുഴയോരങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുകയോ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും മറ്റും ഇറങ്ങുകയോ ചെയ്യരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ക്വാറികൾ ഉൾപ്പെടെയുള്ള ഖനന പ്രവൃത്തികൾ, മലയോര മേഖലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |