സ്വിഗ്ഗിയിൽ നിന്നും സൊമാറ്റോയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാത്തവർ വളരെ ചുരുക്കമായിരിക്കും. അത്തരത്തിൽ സൊമാറ്റോയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത ഒരാളുടെ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പൂനെയിലാണ് സംഭവം.
സൊമാറ്റോ വഴി ഭക്ഷണത്തിനൊപ്പം ജീവിതപാഠവും ലഭിച്ചതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ശ്രീപാൽ ഗാന്ധി എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. 'ഓർഡർ ചെയ്ത ഭക്ഷണം എത്തി. പാക്കറ്റ് നോക്കിയപ്പോൾ സാൻഡ്‌വിച്ച് മാത്രമേ ഉള്ളൂ. ചിപ്സും കുക്കികളും ഇല്ലെന്ന് ഡെലിവറി ബോയിയെ അറിയിച്ചു. 'സർ, ദയവായി റെസ്റ്റോറന്റിലേക്കോ സൊമാറ്റോയിലേക്കോ വിളിക്കൂ.' എന്നായിരുന്നു ഡെലിവറി ചെയ്യാനെത്തിയ ആൾ പറഞ്ഞത്.
ശ്രീപാൽ ഗാന്ധി ഹോട്ടലിനെ ബന്ധപ്പെട്ടു. അവർ തെറ്റിന് ക്ഷമാപണം നടത്തി, ഡെലിവറി റൈഡറെ 20 രൂപയ്ക്ക് തിരിച്ചയക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നിരുന്നാലും, ഒരു പ്രശ്നം ഉണ്ടായിരുന്നു. സൊമാറ്റോ നിർദ്ദേശിച്ചില്ലെങ്കിൽ ഡെലിവറി പങ്കാളികൾ റെസ്റ്റോറന്റിലേക്ക് മടങ്ങാൻ ബാദ്ധ്യസ്ഥരല്ല, കാരണം റെസ്റ്റോറന്റല്ല, സൊമാറ്റോയാണ് അവർക്ക് പണം നൽകുന്നത്. എന്നിട്ടും, ആ ഡെലിവറി ബോയ് മടിച്ചില്ല. 'സർ, അത് എന്റെ ഉത്തരവാദിത്തമാണ്. ഉപഭോക്താവ് സന്തുഷ്ടനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' അയാൾ ശ്രീപാൽ ഗാന്ധിയോട് പറഞ്ഞു. ശേഷം തിരികെപ്പോയി ഭക്ഷണം കൊണ്ടുവന്നു.
ശ്രീപാൽ ഗാന്ധി ഇരുപത് രൂപ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. 'മറ്റൊരാളുടെ തെറ്റിന് എന്തിനാണ് താങ്കളോട് പണം വാങ്ങുന്നതെന്ന് അദ്ദേഹം ശ്രീപാൽ ഗാന്ധിയോട് ചോദിച്ചു. തുടർന്ന് അദ്ദേഹം തന്റെ ഭൂതകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞു.
ഷാപൂർജി പല്ലോഞ്ചിയിൽ ഒരു നിർമ്മാണ സൂപ്പർവൈസറായിരുന്ന അദ്ദേഹം. പ്രതിമാസം 1.25 ലക്ഷം രൂപ സമ്പാദിച്ചു. എന്നാൽ ഒരു വാഹനാപകടം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഇടതുകൈയും കാലും തളർന്നു. ഇതോടെ ജോലി പോയി. ജീവിതം ഏറെ പ്രതിസന്ധിയിലായി.
സൊമാറ്റോ ആ പ്രതിസന്ധി മാറ്റി. 'അവർ എനിക്ക് ഒരു ജോലി തന്നു. സർ, സൊമാറ്റോ എന്റെ കുടുംബത്തെ ജീവനോടെ നിലനിർത്തി. എനിക്ക് വൈകല്യമുണ്ടാകാം, പക്ഷേ എനിക്ക് ഒരു അവസരം ലഭിച്ചു. സൊമാറ്റോയുടെ പേര് ഒരിക്കലും കളങ്കപ്പെടാൻ ഞാൻ അനുവദിക്കില്ല. മകൾ ദന്ത ഡോക്ടറാകാൻ പഠിക്കുകയാണ്. വരുമാനത്തിനുവേണ്ടി മാത്രമല്ല, അവളുടെ സ്വപ്നം നിലനിർത്തുന്നതിനുമാണ് ഞാൻ ജോലി ചെയ്യുന്നത്.'- അദ്ദേഹം ശ്രീപാൽ ഗാന്ധിയോട് പറഞ്ഞു.
ഇക്കാര്യമാണ് ശ്രീപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'ഇന്ന് എനിക്ക് ഒരു സാൻഡ്‌വിച്ച് ലഭിച്ചു. പക്ഷേ എന്നിൽ അവശേഷിച്ചത്... കൃതജ്ഞത, സഹിഷ്ണുത, പ്രതീക്ഷ എന്നിവയായിരുന്നു.'- എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |