തീരദേശ സംരക്ഷണ നിയമത്തിന്റെ പേരിലാണ് കോവളം വിനോദ സഞ്ചാരമേഖലയിലെ ഒരു ഭാഗത്തെ മാത്രം സ്ഥാപനങ്ങൾക്കു നേരെ തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികൾ നടപടിക്ക് കോപ്പു കൂട്ടുന്നത്.
തീരദേശത്തെ സംരക്ഷിക്കുന്ന നിയമം വരുന്നതിനു മുമ്പു തന്നെയാണ് ബീച്ചിന്റെ തീരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. എന്നാൽ നിയമം പ്രബല്യത്തിൽ വന്ന ശേഷമാണ് കോവളത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. തെക്കോട്ടും വടക്കോട്ടുമൊക്കെ ടൂറിസം ഭൂപടം വളർന്നതും. പക്ഷേ, ഇവിടെയൊക്കെ നിയമത്തിന്റെ പേരുപറഞ്ഞ് ഈ അടുത്തകാലത്തൊന്നും ആരും ജെ.സി.ബിയുമായി പോയിട്ടില്ല. കോവളത്തിനു തെക്ക് സർക്കാർ വക ഭൂമി കൈയേറി കൈവശം വച്ചിരുന്ന റിസോർട്ടുകളുണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ മൂന്നാർ ദൗത്യത്തിനു സമാന്തരമായി മറ്റ് ജില്ലകളിലും സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ തുടങ്ങിയപ്പോൾ കോട്ടുകാൽ പഞ്ചായത്തിലെ ചില വൻകിട റിസോർട്ടുകൾ കൈവശം വച്ചിരുന്ന സർക്കാർ ഭൂമി റവന്യൂ അധികൃതർ അളന്നെടുത്ത് വേലികെട്ടി സംരക്ഷിച്ചു. സർക്കാർ മാറിയപ്പോൾ ആ വേലിയും വസ്തുവും പോയി. അതിനെക്കുറിച്ചൊന്നും ഒരു ആശങ്കയും സർക്കാരിന് ഇതുവരെ ഉണ്ടായിട്ടില്ല !
ആകെയുള്ള 'ആശങ്ക" ഹൗവാബീച്ചിലെ പാർക്കിംഗ് ഏരിയയ്ക്ക് മുന്നിലെ റോഡു മുതൽ ലൈറ്റ് ഹൗസ് വരെയുള്ള തീരസംരക്ഷണത്തെക്കുറിച്ചു മാത്രമാണ്. 2011 ലെ തീരദേശ പരിപാലന നിയമം കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഏറെ ഇളവുകളോടെ പരിഷ്കരിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം നഗരസഭ ഉൾപ്പെടെ മിക്കവാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിന്തുടരുന്നത് 2011ലെ നിയമമാണ്. പുതിയ നിയമമനുസരിച്ചുള്ള മാപ്പ് തയാറായിട്ടില്ലെന്നാണ് തീരദേശ പരിപാലന ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചത്. കോസ്റ്റൽ സോൺ മാനേജ്മെന്റ് തയാറാക്കുന്ന പ്ളാൻ അനുസരിച്ച് നാഷണൽ സെന്റർ എർത്ത് സയൻസ് സ്റ്റഡീസാണ് മാപ്പ് തയാറാക്കുന്നത്. സർക്കാർ നടപടിക്രമങ്ങളൊക്കെ കഴിഞ്ഞ് ആവശ്യമായ ഫണ്ടും അനുവദിച്ചാലേ കാര്യം നടക്കൂ. അതിന് ഇനിയും വർഷങ്ങളെടുത്തേക്കാം. കാരണം 2011 ലെ നിയമം മാപ്പിന്റെ രൂപത്തിൽ അവതരിച്ചതു തന്നെ ഈ അടുത്തകാലത്താണ്.
പഴയ തിരുവല്ലം, വിഴിഞ്ഞം ഗ്രാമപഞ്ചായത്തുകളിലെ യഥാക്രമം വെള്ളാർ, കോവളം വാർഡുകളും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ തൊഴിച്ചൽ വാർഡും ഉൾപ്പെട്ടതാണ് കോവളം ടൂറിസം മേഖല. ഇതിൽ തൊഴിച്ചൽ വാർഡിൽ ബീച്ച് ഇല്ല. തിരുവല്ലം, വിഴിഞ്ഞം ഗ്രാമപഞ്ചായത്തുകൾ തിരുവനന്തപുരം നഗരസഭയോടു കൂട്ടിച്ചേർത്തതോടെ തീരദേശ പരിപാലന നിയമത്തിലെ സി.ആർ.ഇസഡ്-2 വിഭാഗത്തിലായി. പഞ്ചായത്തായിരുന്നുവെങ്കിൽ സി.ആർ.ഇസഡ്-3 ൽ ആകുമായിരുന്നു. 2011 ലെ നിയമപ്രകാരം ഈ മേഖലയിൽ നിലവിലെ പാതയിൽ നിന്നും കരഭാഗത്തും അല്ലെങ്കിൽ 1996നു മുമ്പ് നിർമ്മിച്ച അംഗീകൃത കെട്ടിടങ്ങളിൽ നിന്നും കരയുടെ ഭാഗത്തും കെട്ടിടനിർമ്മാണം അനുവദിക്കാം. ഇങ്ങനെ കരയുടെ ഭാഗത്തിന് നിർമ്മാണത്തിന് അനുമതി നൽകുന്നത് നിലവിലുള്ള പ്രദേശിക, ദേശീയ, നഗരപദ്ധതി നിയന്ത്രണത്തിന് അനുസൃതമായിരിക്കണം. തറ വിസ്തൃതി അനുപാത മാനദണ്ഡങ്ങൾ പാലിച്ചും നിലവിലുള്ള ഉപയോഗത്തിൽ മാറ്റം വരുത്താതെയും പുനർനിർമ്മാണവും അനുവദനീയമാണ്. കഴിഞ്ഞ വർഷം നിയമം പരിഷ്കരിച്ചപ്പോഴും ഈ വ്യവസ്ഥകളിൽ മാറ്റം വന്നിട്ടില്ല.
ഈ വ്യവസ്ഥകൾ അനുസരിച്ചാണെങ്കിൽ പോലും തങ്ങളുടെ സ്ഥാപനങ്ങൾ സുരക്ഷിതമാണെന്നാണ് കോവളം ടൂറിസം രംഗത്തുള്ളവർ പറയുന്നത്. അതിനവർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ രണ്ടാണ്. ഒന്ന്- ബീച്ചിൽ സർക്കാർ നിർമ്മിച്ച പാതയുണ്ട്. ഈ പാതയ്ക്ക് പിറകിൽ കരഭാഗത്താണ് എല്ലാ സ്ഥാപനങ്ങളും. രണ്ട് -1996 നു മുമ്പ് നിർമ്മിച്ചതും നിർമ്മാണ അനുമതി ലഭിച്ചതുമായ കെട്ടിടങ്ങളാണ് കൂടുതലും. അവയ്ക്ക് അനുപാതമായിട്ടാണ് മറ്റ് നിർമ്മാണങ്ങളും.
സി.ആർ.ഇസഡ് മൂന്നിൽപെട്ട സ്ഥലം എന്ന നിലയ്ക്കാണ് അധികൃതർ തീരത്തെ കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുന്നതെന്ന് കേരള ടൂറിസം ആന്റ് പ്രൊട്ടക്ഷൻ ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറി ഷിബുലാൽ പറയുന്നു. സി.ആർ.ഇസഡ് 2വിലാണ് ഈ പ്രദേശം ഉൾപ്പെടുന്നതെന്ന് രേഖകളുണ്ട്.
ഒരു നിയമത്തെ മാത്രം ആധാരമാക്കിയല്ല സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ നിയമങ്ങൾ വളച്ചൊടിക്കുകയും അതിൽ നിന്നും മുതലെടുക്കുകയും ചെയ്യാനും തുടങ്ങിയാലോ, പലരും കീശവീർപ്പിക്കാനായി കോവളത്ത് എത്താറുണ്ട്.
ഇതാണ് സി.ആർ.ഇസഡ് 3
ഗ്രാമപ്പഞ്ചായത്ത് മേഖലകളാണ് ഈ ഗണത്തിൽ പെടുന്നത്. 2011 ലെ തീരദേശപരിപാലന നിയമ പ്രകാരം സി.ആർ.ഇസഡ് 3 യിൽ വേലിയേറ്റ രേഖയിൽ നിന്നും കരഭാഗത്തേക്ക് 200 മീറ്റർ വരെയുള്ള പ്രദേശവും വേലിയേറ്റ- വേലിയിറക്ക സ്വാധീന ജലാശയത്തിന്റെ നൂറുമീറ്റർ വരുന്ന പ്രദേശവും വികസന നിഷിദ്ധമേഖലയാണ്. അതായത് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല. സർക്കാർ വിജ്ഞാപനം ചെയ്ത തുറമുഖ പദ്ധതി പ്രദേശത്ത് ഈ നിയന്ത്രണം ബാധകമല്ല.
നിയമം പരിഷ്കരിച്ചപ്പോൾ സി.ആർ.ഇസഡ് -എ പ്രകാരം 50 മീറ്റർ മുതൽ 200മീറ്റർ വരെയുള്ള ദൂരത്തിൽ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരാണെങ്കിൽ നിശ്ചിത മാനദണ്ഡപ്രകാരം നിർമ്മാണം അനുവദിക്കും. മത്സ്യത്തൊഴിലാളികൾക്കും പ്രദേശവാസികൾക്കും മാത്രമേ ഇതിനുള്ള അനുവാദം ലഭിക്കൂ. 200 മീറ്റർ മാറി ടൂറിസം ആവശ്യത്തിന് കെട്ടിടം നിർമ്മിക്കുമ്പോൾ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം വേണ്ടിവന്നേക്കും.

(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |