മലപ്പുറം: കോൺഗ്രസിന്റെ സാംസ്കാരിക മുഖമാണ് നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത്(59). അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനായ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക,സാംസ്‌കാരിക,ഭരണ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
സി.പി.എം സിറ്റിംഗ് സീറ്റിൽ വിജയിച്ചാണ് ആര്യാടൻ ഷൗക്കത്ത് 2005ൽ നിലമ്പൂർ പഞ്ചായത്തംഗവും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 'ജ്യോതിർഗമയ' പദ്ധതിയിലൂടെ എല്ലാവർക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ഷൗക്കത്ത് ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ദേശീയ സാക്ഷരതാ മിഷന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അഞ്ചുവർഷം നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റും തുടർന്ന് നിലമ്പൂർ നഗരസഭയായി മാറിയപ്പോൾ പ്രഥമ നഗരസഭ ചെയർമാനുമായി. ബാലസൗഹൃദ പദ്ധതി പരിഗണിച്ച് യൂണിസെഫ് നിലമ്പൂരിനെ ബാലസൗഹൃദ നഗരമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികൾ പരിഗണിച്ച് യുനെസ്‌കോ നിലമ്പൂരിന് ലേണിംഗ് സിറ്റി പദവി നൽകി ആദരിച്ചു.
തിരക്കഥാകൃത്ത്,നിർമ്മാതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം,ദൈവനാമത്തിൽ,വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് മികച്ച തിരക്കഥയ്ക്കും സിനിമയ്ക്കുമുള്ള സംസ്ഥാന,ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചു. 'വർത്തമാനം' എന്ന സിനിമയ്ക്ക് കഥയെഴുതി. കെ.പി.സി.സിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതി സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.എസ്.യു നിലമ്പൂർ താലൂക്ക് സെക്രട്ടറി,യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി,കേരള ദേശീയ വേദി മലപ്പുറം ജില്ലാ പ്രസിഡന്റ്,കെ.പി.സിസി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലമ്പൂർ മാനവേദൻ സ്‌കൂൾ,തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്,മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാതാവ്: പി.വി.മറിയം. ഭാര്യ: മുംതാസ് ബീഗം. മക്കൾ: ഡോ.ഒഷിൻ സാഗ,ഒലിൻ സാഗ,ഒവിൻ സാഗ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |