തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളെപ്പറ്റി കടുത്ത ആശങ്ക നിലനിൽക്കെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിയുന്നു. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീരപ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്നുരാവിലെ കണ്ടെയ്നറുകൾ അടിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി തീരങ്ങളിൽ കണ്ടെയ്നറുകളിൽ നിന്നുള്ള പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്നുരാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ഇന്നലെ രാത്രിവരെ കൊല്ലത്ത് 34 എണ്ണവും ആലപ്പുഴയിൽ രണ്ടെണ്ണവുമാണ് അടിഞ്ഞത്. കൊല്ലം ചെറിയഴീക്കലിനും മുണ്ടയ്ക്കൽ കാക്കത്തോപ്പിനും ഇടയിലുള്ള തീരത്താണ് 34 എണ്ണവും അടിഞ്ഞത്. ആലപ്പുഴയിൽ അടിഞ്ഞത് ആറാട്ടുപുഴ തറയിൽക്കടവ് ഭാഗത്തും. ഇവയൊന്നും രാസവസ്തുക്കൾ ഉണ്ടായിരുന്നവയല്ലെന്ന് കണ്ടെയ്നർ നമ്പരും കാർഗോയുടെ വിവരങ്ങളടങ്ങിയ ഷിപ്പിംഗ് മാനിഫെസ്റ്റോയും ഒത്തുനോക്കി സ്ഥിരീകരിച്ചിട്ടുണ്ട്.
അടിയുന്ന കണ്ടെയ്നറുകൾ കസ്റ്റംസ്, കൂടംകുളം അണവനിലയത്തിൽ നിന്നുള്ള വിദഗ്ദ്ധസംഘം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. എൻ.ഡി.ആർ.എഫിന്റെ ചെന്നൈയിൽ നിന്നുള്ള സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ടെയ്നറുകൾക്ക് അടുത്തേക്ക് ജനങ്ങൾ എത്താതിരിക്കാൻ 200 മീറ്റർ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കൊല്ലം യാർഡിൽ എത്തിക്കുന്ന കണ്ടെയ്നറുകൾ കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. കണ്ടെയ്നറുകളുടെ ഉടമസ്ഥർ ക്ലെയിം ഉന്നയിക്കുന്നതിനനുസരിച്ച് വിട്ടുനൽകും. ചരക്കുള്ള കണ്ടെയ്നറുകൾക്ക് തീരുവ ചുമത്തിയ ശേഷമേ വിട്ടുനൽകൂ. കടലിൽ മുങ്ങിയതിനാൽ കാർഗോകൾക്ക് ഇൻഷ്വറൻസ് ലഭിക്കും. രാസവസ്തുക്കളടങ്ങിയ കണ്ടെയ്നർ ഇതുവരെ തീരത്ത് അടിഞ്ഞിട്ടില്ല. എങ്കിലും മലിനീകരണ നിയന്ത്രണ ബോർഡ് കടൽ ജലത്തിന്റെ സാമ്പിൾ ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |