SignIn
Kerala Kaumudi Online
Friday, 25 July 2025 4.19 PM IST

ഒ.എൻ.വി ഓടക്കുഴൽ വിളിയോളം ഒഴുക്കുള്ള പേര്: പ്രഭാവർമ്മ

Increase Font Size Decrease Font Size Print Page
prabha-varma

തിരുവനന്തപുരം: ഒ.എൻ.വി എന്നത് ഓടക്കുഴൽ വിളിയോളം ഒഴുക്കുള്ള സംഗീതാത്മകമായ പേരാണെന്ന് കവി പ്രഭാവർമ്മ പറഞ്ഞു. കാലം ഈണത്തിൽ അങ്ങനെ വിളിച്ചപ്പോൾ കവിത കൊണ്ട് അദ്ദേഹം മറുപടി നൽകി. ഒ.എൻ.വിയുടെ 94ാം ജന്മദിനത്തോടനുബന്ധിച്ച് ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ നൽകിയ ഒ.എൻ.വി സാഹിത്യപുരസ്‌കാരം ടാഗോർ തിയേറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുലക്ഷം രൂപയും പ്രശസ്തി

പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒ.എൻ.വിയുടെ സ്‌നേഹസ്പർശവും അനുഗ്രഹവുമാണ് ഈ പുരസ്‌കാരം. അദ്ദേഹം എന്നോട് കാട്ടിയ സ്‌നേഹവാത്സല്യം എന്റെ കവിതയോടുള്ള സ്‌നേഹമായിരുന്നു. എന്നെക്കണ്ട് എന്റെ കവിതയിലേക്ക് എത്തുകയായിരുന്നില്ല അദ്ദേഹം. മറിച്ച് എന്റെ കവിത കണ്ട് എന്നിലേക്ക് എത്തുകയായിരുന്നു. പ്രഥമ വി.ടി.കുമാരൻ പുരസ്‌കാരം വാങ്ങാൻ പോയപ്പോഴാണ് ഒ.എൻ.വിയെ ആദ്യമായി കാണുന്നത്. കവിതകളെക്കുറിച്ച് അന്ന് അദ്ദേഹം ദീർഘമായി സംസാരിച്ചു. സമശീർഷരായ പ്രതിഭകൾ ഉണ്ടായിട്ടും ശിഷ്യന്റെ മനസ്സോടെ അദ്ദേഹത്തെ സമീപിച്ച എന്നെ അദ്ദേഹത്തിന്റെ മൂന്നു കൃതികളുടെ അവതാരിക എഴുതിക്കുന്നത് വരെ ആ ബന്ധമെത്തി. ഏറ്റവും ഒടുവിലത്തെ കാവ്യസമാഹാരമായ 'സൂര്യന്റെ മരണത്തിന്' അവതാരിക എഴുതിയപ്പോൾ പ്രശംസകളുടെ അതിപ്രസരം വേണ്ടെന്നും വിയോജിപ്പുകൾ വ്യക്തമാക്കണമെന്നും ഓർമിപ്പിച്ചു. ഇത്രയധികം സ്വാതന്ത്ര്യം മറ്റൊരു എഴുത്തുകാരനും നൽകിയിട്ടില്ല. അദ്ദേഹത്തേക്കൊണ്ട് അവതാരിക എഴുതിക്കാൻ അനവധി പേർ കാത്തുനിന്നപ്പോൾ എന്റെ കൃതിയായ ശ്യാമമാധവത്തിന് അവതാരിക എഴുതി നൽകാമെന്ന് എന്നോട് പറഞ്ഞു. മരണാനന്തരവും അദ്ദേഹത്തിന്റെ ഒരു കൃതിക്ക് ഞാൻ അവതാരിക എഴുതുന്നുണ്ട്. ഒ.എൻ.വി മലയാളത്തെ വിട്ടുപോയിട്ടില്ല. യൂണിവേഴ്സിറ്റി കോളേജിൽ പ്രഭാഷണം നടത്തുകയാവാം,കനകക്കുന്നിൽ കവിത ചൊല്ലുകയാവാം,സെക്രട്ടേറിയറ്റിൽ ഭാഷയ്ക്കായി സമരം ചെയ്യുകയാവാം. മലയാളിയുടെ വിപ്ലവത്തിനും പ്രണയത്തിനും അതിജീവനത്തിനും ഏകാന്തതയ്ക്കും കൂട്ടുവന്ന കാലാനുവർത്തിയായ കവിയാണ് അദ്ദേഹമെന്നും പ്രഭാവർമ്മ കൂട്ടിച്ചേർത്തു.


ഒത്തുതീർപ്പുകൾക്ക്

വഴങ്ങാത്ത കവി: അടൂർ


താൻ ജീവിച്ച കാലത്തിനപ്പുറത്തേക്ക് പ്രസക്തി പ്രസരിപ്പിച്ച കവിയാണ് ഒ.എൻ.വിയെന്ന് ചടങ്ങിന് അദ്ധ്യക്ഷനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ആദരവുള്ള,അന്തസുറ്റ,ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത വ്യക്തിജീവിതമാണ് ഒ.എൻ.വിയുടേത്.അപാരമായ മനുഷ്യസ്‌നേഹം.പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെ കുറിച്ചുള്ള ആശങ്കകൾ.കവിതയ്ക്കും കലാകാരനും സമൂഹം അനുവദിച്ചിരുന്ന അയവുകളിൽ ഒന്ന് പോലും അദ്ദേഹം ആവശ്യപ്പെട്ടില്ലെന്നും അടൂർ കൂട്ടിച്ചേർത്തു. ഒ.എൻ.വിയുടെ ഭാര്യ സരോജിനി,ചെറുമകൾ അപർണ, കുടുംബാംഗങ്ങൾ,കൾച്ചറൽ അക്കാഡമിയുടെ രക്ഷാധികാരി ജി.രാജ്‌മോഹൻ,വൈസ് പ്രസിഡന്റ് ഇ.എം.നജീബ്,സെക്രട്ടറി എം.ബി.സനിൽകുമാർ,യൂണിവേഴ്സിറ്റി കോളേജ് സംസ്‌കൃത വിഭാഗം മേധാവി ഡോ.അന്നപൂർണ ദേവി,സാഹിത്യനിരൂപകൻ പി.കെ.രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.