മുംബയ്: നടി ഊർമ്മിള മണ്ഡോത്കർ കോൺഗ്രസിൽനിന്നു രാജിവച്ചു. അഞ്ചുമാസം മുമ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഊർമ്മിള കോൺഗ്രസിൽ ചേർന്നത്. പാർട്ടിക്കുള്ളിലെ വൃത്തികെട്ട രാഷ്ട്രീയത്തിന് തന്നെ ഉപയോഗപ്പെടുത്താൻ താത്പര്യമില്ല എന്നുപറഞ്ഞുകൊണ്ടാണ് ഊർമ്മിള പാർട്ടി വിടുന്നതായി ഇന്നലെ ഔദ്യോഗികമായി അറിയിച്ചത്. ''പാർട്ടിയുടെ നന്മയ്ക്കും ഉയർച്ചയ്ക്കുമായി എന്തെങ്കിലും ചെയ്യാനോ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താനോ മുംബയ് കോൺഗ്രസ് ഭാരവാഹികൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. എന്റെ പ്രത്യയശാസ്ത്രത്തിലും ചിന്താഗതിയിലും ഉറച്ചുനിൽക്കുന്നു. ജനങ്ങൾക്കുവേണ്ടി വിശ്വാസ്യതയോടെ എന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കും"- ഊർമ്മിള പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതുവരെ പിന്തുണച്ച ജനങ്ങളോടും മാദ്ധ്യമങ്ങളോടും അവർ നന്ദി അറിയിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്നത്.മുംബയ് നോർത്തിൽനിന്ന് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഊർമ്മിള മത്സരിച്ചിരുന്നെങ്കിലും ബി.ജെ.പിയുടെ ഗോപാൽ ഷെട്ടിയോട് പരാജയപ്പെട്ടിരുന്നു.
മുംബയ് സിറ്റി പാർട്ടി അദ്ധ്യക്ഷനായിരുന്ന മിലിന്ദ് ദേവ്റയ്ക്ക് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ച് കത്തെഴുതിയിരുന്നെങ്കിലും അതിന്മേൽ ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്നും ഊർമ്മിള കുറ്റപ്പെടുത്തി. മാത്രമല്ല, അതീവരഹസ്യമായി നൽകിയ കത്ത് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയ നടപടി മഹാവഞ്ചനയായാണ് തനിക്ക് തോന്നിയതെന്നും എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിലെ ഒരാൾപോലും ക്ഷമ ചോദിച്ചില്ലെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |