തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 16 ന് പി.എസ്.സിയുമായി ചർച്ച നടത്തും.
പത്താം ക്ലാസിനു മുകളിൽ യോഗ്യത ആവശ്യമുള്ള പി.എസ്.സി പരീക്ഷകളിൽ പത്തു മാർക്കിന് മലയാളത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയിൽ ചോദ്യക്കടലാസ് ലഭിക്കുന്നില്ല. മലയാളം മാദ്ധ്യമത്തിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്നം മുഖ്യമന്ത്രി പി.എസ്.സിയുടെ ശ്രദ്ധയിൽപ്പെടുത്തും.
പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ഇടപെടാമെന്നും പ്രശ്നത്തിന് പരിഹാരം കാണാമെന്നും ഐക്യമലയാള പ്രസ്ഥാനം നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമരസമിതി സമരക്കാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സമരക്കാരുടെ ആവശ്യത്തിൽ പി.എസ്.സി അനുകൂല നിലപാടെടുക്കുമെന്നാണ് സൂചന.
അതിനിടെ പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സമര സമിതി നടത്തുന്ന നിരാഹാര സമരം 13 ദിവസം പിന്നിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |