മലപ്പുറം: ഇടതുപക്ഷ സ്ഥാനാർത്ഥി ശക്തനാണോ അല്ലയോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് മുൻ എംഎൽഎ പി വി അൻവർ. താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നിലമ്പൂരിലുണ്ടെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷസ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ പ്രഖ്യാപിച്ചതിനു പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ.
'എം സ്വരാജ് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. മത്സരത്തിന്റെ കടുപ്പവും മത്സരത്തിന്റെ ശേഷിയും സ്ഥാനാർത്ഥിയുടെ വലിപ്പവും യുഡിഎഫ്, എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വലിപ്പവും 23-ാം തീയതി വോട്ടെണ്ണുമ്പോൾ അറിയാൻ സാധിക്കും. അതുവരെ എല്ലാവരും സമന്മാരല്ലേ? ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. അത് എന്താണെന്ന് ഫലംവരുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കും'- അൻവർ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് എം സ്വരാജ്. നിലമ്പൂർക്കാരനായ എം സ്വരാജ് തൃപ്പൂണിത്തുറയിലെ മുൻ എംഎൽഎയായിരുന്നു. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർത്ഥിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. യുവാക്കൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന സ്വരാജ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ ഉപതിരഞ്ഞെടുപ്പ് കടുക്കുമെന്നാണ് സിപിഎം കണക്കുക്കൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |