നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമണി മുതൽ വെെകിട്ട് ആറുമണിവരെയാണ് പോളിംഗ് സമയം. നിലമ്പൂർ ആയിഷ മുക്കട്ട ഗവൺമെന്റ് എൽപി സ്കൂളിലെത്തി വോട്ട് ചെയ്തു. ബൂത്തിലെ ആദ്യവോട്ടാണ് നിലമ്പൂർ ആയിഷ രേഖപ്പെടുത്തിയത്. രാവിലെ തന്നെ നീണ്ട ക്യൂവാണ് ഓരോ ബൂത്തിനും മുന്നിലുള്ളത്.
പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16ന് പൂർത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 23നാണ് വോട്ടെണ്ണൽ.
ആകെ 2,32,384 വോട്ടർമാരാണ് നിലമ്പൂരിൽ ഉള്ളത്. പുരുഷ വോട്ടർമാർ 1,13,613. വനിതാ വോട്ടർമാർ 1,18,760, ട്രാൻസ്‌ജെൻഡർ വോട്ടർമാർ എട്ട്, ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. പ്രവാസി വോട്ടർമാർ 373, സർവീസ് വോട്ടർമാർ 324. സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്.
ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുണ്ട്. പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്‌കൂളിലെ 42ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225ാം നമ്പർ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാദ്ധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്.
മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ ഇവരാണ്
1. അഡ്വ. മോഹൻ ജോർജ് (ഭാരതീയ ജനതാ പാർട്ടി) താമര
2. ആര്യാടൻ ഷൗക്കത്ത് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) കൈ
3. എം. സ്വരാജ് (സി.പി.ഐഎം) ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) ബലൂൺ
5. പി.വി അൻവർ (സ്വതന്ത്രൻ) കത്രിക
6. എൻ. ജയരാജൻ (സ്വതന്ത്രൻ) ടെലിവിഷൻ
7. പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ) കിണർ
8. വിജയൻ (സ്വതന്ത്രൻ) ബാറ്റ്
9. സതീഷ് കുമാർ ജി. (സ്വതന്ത്രൻ) ഗ്യാസ് സിലിണ്ടർ
10. ഹരിനാരായണൻ (സ്വതന്ത്രൻ) ബാറ്ററി ടോർച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |