ഭോപ്പാൽ: പുതിയതായി സ്ഥാപിച്ച ട്രാൻസ്‌ഫോമറിന് മുന്നിൽ പൂജകൾ നടത്തി ഒരു ഗ്രാമം. മദ്ധ്യപ്രദേശിലെ ഭിന്ദ് എന്ന സ്ഥലത്തിനടുത്തുളള ഗാന്ധിനഗർ ഗ്രാമത്തിലുളളവർ ചെയ്ത വേറിട്ട കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ എന്തിനാണ് ഗ്രാമവാസികൾ ഇത്തരത്തിൽ ട്രാൻസ്‌ഫോമറിന് പൂജ ചെയ്തതെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ കുറേ നാളുകൾക്ക് മുമ്പാണ് 15 വർഷം പഴക്കമുളള ട്രാൻസ്‌ഫോമർ നശിച്ചുപോയത്. ഇതോടെ ഗ്രാമവാസികളുടെ ജീവിതം ദുരിതത്തിലാകുകയായിരുന്നു. ദിവസങ്ങളോളം ഗ്രാമത്തിൽ വൈദ്യുതി ഇല്ലാതെ അവർ ബുദ്ധിമുട്ടി. പ്രദേശത്ത് കൊടും വേനലായിരുന്നു. ഇതോടെയാണ് ജനങ്ങൾ ഈ പ്രശ്നം എംഎൽഎയായ നരേന്ദ്ര സിംഗ് ഖുഷ്‌വാഹയെ അറിയിച്ചത്. പിന്നാലെ തന്നെ ഗ്രാമത്തിൽ പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിക്കുകയായിരുന്നു.
ഇതിന്റെ സന്തോഷത്തിൽ ഗ്രാമവാസികൾ ട്രാൻസ്‌ഫോമർ കൃത്യമായി പ്രവർത്തിക്കാനും നശിക്കാതിരിക്കാനും പൂജകൾ ചെയ്തത്. ഇതോടൊപ്പം മധുര വിതരണവും നടത്തിയിരുന്നു. തങ്ങൾ വൈദ്യുതി കമ്പനിയെ വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഴയ ട്രാൻസ്‌ഫോമർ നശിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പുതിയത് സ്ഥാപിക്കാൻ 15 ദിവസമെടുത്തെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |