ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. ഹരിപ്പാട് ചാക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ചെറുവള്ളത്തിൽ മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞായിരുന്നു അപകടം.
ഇന്നലെ പെയ്‌ത കനത്ത മഴയിൽ പുഞ്ചയിലൂടെയുള്ള റോഡ് ഉൾപ്പെടെ മുങ്ങിയ നിലയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം സ്റ്റീവ് വള്ളത്തിൽ പോയത്. വള്ളം മറിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. സ്റ്റീവ് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. നീന്തി കരയ്‌ക്കെത്തിയവർ അറിയിച്ച വിവരമനുസരിച്ച് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തി.
ഇന്ന് രാവിലെ കുരീത്തറ ശ്‌മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബസമേതം ഒഡീഷയിൽ താമസിക്കുന്ന സ്റ്റീവ് പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. നാളെ തിരിച്ചുപോകാനിരിക്കുകയായിരുന്നു. അച്ഛൻ - രാജേഷ് പിള്ള, സഹോദരങ്ങൾ - സ്റ്റെയിൻ രാജേഷ്, സ്റ്റെഫി രാജേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |