SignIn
Kerala Kaumudi Online
Friday, 25 July 2025 4.48 PM IST

വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയിലേക്ക്, പിന്നിൽ ചൈനയുടെ കൈകൾ; ചില വിപണി യാഥാർത്ഥ്യങ്ങൾ

Increase Font Size Decrease Font Size Print Page
oil

തിരുവനന്തപുരം: തോരാമഴപെയ്യുന്ന കർക്കടകം മലയാളികളെ സംബന്ധിച്ചിടത്തോളം പഞ്ഞമാസമായിരുന്നു. എന്നാൽ കാലം മാറിയതോടെ അതെല്ലാം വെറും പഴഞ്ചൊല്ലുകൾ എന്നുപറഞ്ഞ് ന്യൂജെൻ കളിയാക്കാൻ തുടങ്ങി. എന്നാൽ ശരിക്കും പഞ്ഞമാസമെന്താണെന്ന് ന്യൂജെന്നും ഓൾഡ് ജെന്നുമൊക്കെ മനസിലാക്കിയത് എടവമാസത്തിലെ ഈയാഴ്ചയിലാണ്. ഇടമുറിയാതെ മഴപെയ്തതോടെ ശരിക്കും അന്നംമുട്ടുന്ന അവസ്ഥയിലായി മലയാളി. കൈയിൽ നിറയെ കാശുമായി ഹോട്ടലുകളിൽ കയറിയിറങ്ങിയെങ്കിലും ഭക്ഷണം കിട്ടാത്ത അവസ്ഥ. ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ ഓർഡർ എടുക്കുന്നില്ല. ജീവിതത്തിൽ ഇത്തരത്തിലുളള ആദ്യത്തെ അവസ്ഥ. ശക്തമായ മഴയെത്തുടർന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം വൈദ്യുതി ഏറക്കുറെ നിലച്ചതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. മഴ കനത്തതോടെ നിത്യജീവിതത്തിന് അത്യാവശ്യമായ സാധനങ്ങളുടെ വിലയും കുതിച്ചുകയറുകയാണ്.

ശരിക്കും കത്തും

മഴ തുടങ്ങിയതോടെ കേരളത്തിൽ സാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിയലല്ല;കത്തുന്ന അവസ്ഥയിലാണ്. കടൽ മീൻ കിട്ടാനേ ഇല്ല. കൊച്ചിക്കടുത്തുണ്ടായ കപ്പലപകടമാണ് ഇതിന് പ്രധാന കാരണമെന്ന് കരുതിയെങ്കിൽ തെറ്റി. മോശം കാലാവസ്ഥ കാരണം കടലിൽ പോകാനാവുന്നില്ല. ഇതിനൊപ്പം കടലിൽ മീനുമില്ല. നേരത്തേ കേരളത്തിൽ മഴ കനക്കുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മീനുകൾ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവിടെ ട്രോളിംഗ് നിരോധനമാണ്. ചെറിയ വള്ളങ്ങളിൽ മാത്രമാണ് മീൻപിടിക്കാൻ പോകുന്നത്. മഴ കാരണം ഇവർക്കും പോകാനാവുന്നില്ല. ഫലത്തിൽ പൂർണമായും മീൻ ഇല്ലാത്ത അവസ്ഥ. കനത്ത മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

മീൻ ഇഷ്ടംപോലെ കിട്ടിയിരുന്ന സമയത്ത്, ക്ഷാമം മുന്നിൽക്കണ്ട് വൻകിട മീൻമുതലാളിമാർ വലിയ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മീനുകളാണ് ഇപ്പോൾ വില്പനയ്‌ക്കെത്തുന്നതിൽ 95 ശതമാനവും. സഹിക്കാനാവാത്ത വിലകൊടുത്ത് വാങ്ങുന്ന ഇവയ്ക്ക് രുചി തീരെക്കുറവാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. വളർത്തുമീനുകളാണ് ഇപ്പോൾ മീൻ പ്രേമികളുടെ ഏക ആശ്രയം. വളർത്തുമീനുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് കൊഞ്ചാണ്. പക്ഷേ ഒരുകിലോ വാങ്ങണമെങ്കിൽ 450 മുതൽ 500 രൂപവരെ കാെടുക്കണം(ഇന്നത്തെ വില). ഹോൾസെയിൽ വില്പനക്കാർ ഇത്രയും വിലകൊടുത്ത് വാങ്ങുന്ന ചെമ്മീൻ നമ്മളെപ്പോലുള്ള സാധാരണ ഉപഭോക്താക്കളുടെ അടുത്ത് എത്തുമ്പോൾ വീണ്ടും വിലകൂടും. നേരത്തേ കൊഞ്ച് വാരിയാണ് കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ എണ്ണിയാണ് കൊടുക്കുന്നത്. അപ്പോൾത്തന്നെ മനസിലായില്ലേ വിലയുടെ വലിപ്പം.

അടുത്തയാഴ്ചയോടെ തമിഴ്‌നാട്ടിലെ ട്രോളിംഗ് അവസാനിക്കുകയും കേരളത്തിൽ മഴ കുറയുകയും ചെയ്യുന്നതോടെ മീൻ ഇഷ്ടംപോലെ കിട്ടുമെന്നും അതോടെ വില കുറയുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.

പിടിച്ചാൽ കിട്ടാതെ ചിക്കൻവില

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ താഴ്ന്നുകിടന്ന ചിക്കൻ വിലയെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. പലയിടത്തും ചിക്കൻ കിട്ടാനേ ഇല്ലാത്ത അവസ്ഥയിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. ജീവനോടെയുളള ഒരു കിലോ കോഴിക്ക് 155-160 രൂപയാണ് വില. ഇറച്ചിക്ക് 230-250 രൂപ കൊടുക്കണം. മീൻ കുറഞ്ഞതാണ് ചിക്കൻ വില ഇത്രയും ഉയർത്തിയതെന്നാണ് ചില വിതരണക്കാർ പറയുന്നത്. മീൻ കുറവായതോടെ ചിക്കന് ആവശ്യക്കാർ കൂടി. എന്നാൽ അതിനനുസരിച്ച് കോഴി കിട്ടാതായി. ഇതോടെ വില കുത്തനെ കൂടി. നേരത്തേ ചില്ലറ വിതരണക്കാർ ഒന്നോരണ്ടോ ദിവസം കടം പറഞ്ഞാലും അവർക്ക് മൊത്തവിതരണക്കാർ കോഴിയെ നൽകുമായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. ആവശ്യക്കാർ കൂടിയതോടെ കടം പറയുന്നവർക്ക് സാധനം നൽകില്ല. ഇതും കോഴിയിറച്ചിക്ക് ഷോർട്ടേജ് ഉണ്ടാക്കിയിട്ടുണ്ട്. മീൻ കിട്ടിത്തുടങ്ങുമ്പോൾ ഇറച്ചിവില താഴെയിറങ്ങുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഇത് എപ്പോഴുണ്ടാകുമെന്നുമാത്രം അവർക്കറിയില്ല.

വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്

മീൻ, ചിക്കൻ വിലയ്‌ക്കൊപ്പം പച്ചക്കറി വിലയും കയറിത്തുടങ്ങിയിട്ടുണ്ട്. മിക്ക സാധനങ്ങൾക്കും അഞ്ചുരൂപമുതൽ പത്തുരൂപവരെ കൂടിയിട്ടുണ്ടെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. സാമ്പാർ മുളകിന് (തൊണ്ടൻ മുളക്) കിലോയ്ക്ക് ഇപ്പോൾ എണ്ണൂറ് രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ല. പച്ചക്കറി വാങ്ങുമ്പോൾ സൗജന്യമായി നൽകിയിരുന്ന കാരി മുളകിന് കിലോയ്ക്ക് ഇപ്പോൾ 60 രൂപയാണ് വില. വെട്ടുപച്ചക്കറിക്കൊപ്പം കാരിമുളക് സൗജന്യമായി നൽകുന്നത് കച്ചവടക്കാർ നിറുത്തി. ആവശ്യക്കാർ പണംകൊടുത്ത് വാങ്ങണം.

വെളിച്ചെണ്ണ വിലയാണ് സഹിക്കാനാകാത്ത നിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 350രൂപയാണ് വില. അധികം വൈകാതെ ഇത് 500 രൂപയിലേക്ക് എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വിലയിലുണ്ടായ റെക്കാഡ് വർദ്ധനവാണ് ഇതിന് കാരണം. ഒരുക്വിന്റൽ കൊപ്രയ്ക്ക് 21,000 രൂപയാണ് ഇപ്പോഴത്തെ വില. തേങ്ങ ഉൽപ്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ആഭ്യന്തര വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണിത്.

ലോകത്തെ പ്രമുഖ നാളീകേര ഉൽപ്പാദക രാജ്യമായ ഇൻഡോനേഷ്യ ആറുമാസത്തേക്കാണ് പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വ്യവസായ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരമാണിത്. തേങ്ങ അധിഷ്ഠിത വ്യവസായങ്ങൾക്കായി ചൈന ലോകത്ത് കിട്ടാവുന്നിടത്തുനിന്നൊക്കെ തേങ്ങ വാരിക്കൂട്ടുന്നതും വില ഉയർത്തിയിട്ടുണ്ട്. ചൈനയുടെയും ഇൻഡോനേഷ്യയുടെയും ഈ നടപടികൾ തീമഴയായി പതിക്കുന്നത് മലയാളികളുടെ മേലാണ്. കേരളം എന്നാണ് പേരെങ്കിലും ഇവിടെ തേങ്ങ ഉൽപ്പാദനം വളരെ കുറവാണ്. ഒരുകിലോ ഉണക്കത്തേങ്ങയ്ക്ക് 80 രൂപയാണ് ഇപ്പോൾ ചെറുകിട കച്ചവടക്കാർ വാങ്ങുന്നത്.

TAGS: COCONUTOIL, PRICE, CHICKEN, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.