കൊച്ചി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ 100 ദിവസക്കാലയളവിൽ സെൻസെക്‌സിലെ നിക്ഷേപകർ നേരിട്ട മൊത്തം നഷ്‌ടം 12.5 ലക്ഷം കോടി രൂപ. മേയ് 30ന് മോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻ.ഡി.എ സർക്കാർ അധികാരത്തിലേറുമ്പോൾ സെൻസെക്‌സിന്റെ മൂല്യം 153.62 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴിത് 141.15 ലക്ഷം കോടി രൂപയാണ്.
ഇക്കാലയളവിൽ സെൻസെക്‌സ് 2,357 പോയിന്റും (5.96 ശതമാനം) നിഫ്‌റ്റി 858 പോയിന്റും (7.23 ശതമാനം) നഷ്‌ടം നേരിട്ടു. തളരുന്ന സമ്പദ്‌വ്യവസ്ഥ, വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്, കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലം, അമേരിക്ക-ചൈന വ്യാപാരയുദ്ധം, ക്രൂഡോയിൽ വിലയുടെ തിരിച്ചുകയറ്റം തുടങ്ങിയ ഘടകങ്ങളാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്.
രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി പദം ഏറ്റെടുത്ത നിർമ്മല സീതാരാമൻ ജൂലായിൽ അവതരിപ്പിച്ച കന്നി ബഡ്‌ജറ്റിൽ വിദേശ പോർട്ട്‌പോളിയോ നിക്ഷേപകർക്കുമേൽ (എഫ്.പി.ഐ) 'റിച്ച് ടാക്‌സ്" ഏർപ്പെടുത്തിയതാണ് വിദേശ നിക്ഷേപം കൊഴിയാൻ മുഖ്യ കാരണമായത്. നികുതി നിർദേശം സർക്കാർ പിൻവലിച്ചെങ്കിലും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കൂടിയിട്ടില്ല. രണ്ടാം മോദി സർക്കാരിന്റെ ആദ്യ 100 ദിനക്കാലയളവിൽ 28,260.50 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.
100 ദിനത്തിലെ കോട്ടങ്ങൾ
2,357
സെൻസെക്‌സ് 2,357 പോയിന്റും നിഫ്‌റ്റി 858 പോയിന്റും ഇടിഞ്ഞു.
₹28,260 കോടി
വിദേശ നിക്ഷേപകർ പിൻവലിച്ചത് 28,260.50 കോടി രൂപ.
26.13%
നിഫ്‌റ്റിയിൽ ഏറ്രവും വലിയ നഷ്‌ടം പൊതുമേഖലാ ബാങ്കുകൾക്ക്. നിഫ്‌റ്റി പി.എസ്.യു ബാങ്ക് സൂചിക നേരിട്ടത് 26.13 ശതമാനം ഇടിവ്.
0.33%
നേട്ടമുണ്ടാക്കിയത്, ഐ.ടി ഓഹരികൾ മാത്രം; 0.33 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |