കോഴിക്കോട്: ഓരോ ഉത്സവ കാലത്തും ഖാദി ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഷോറൂമുകളിലെല്ലാം ഗുണനിലവാരമുള്ള തുണിത്തരങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കായിരിക്കും. എന്നാൽ വിറ്റുവരവിലൂടെ ബോർഡ് ലാഭത്തിലായിട്ടും തൊഴിലാളികൾക്ക് പറയാനുള്ളത് കഷ്ടപ്പാടുകൾ മാത്രം. ഇൻസെന്റീവ് മുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ഓരോ തൊഴിലാളിക്കും മിനിമം 50,000 രൂപ വരെ ഈ ഇനത്തിൽ ലഭിക്കേണ്ടതാണ്. ജില്ലയിൽ കേരള ഖാദി വ്യവസായ ബോർഡിന് കീഴിലുള്ള 56 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നത് 800 ഓളം സ്ത്രീ തൊഴിലാളികളാണ്. മുമ്പ് 2000ത്തോളം തൊഴിലാളികൾ ജില്ലയിൽ ജോലിയെടുക്കുന്നുണ്ടായിരുന്നു. കൂലിയുൾപ്പെടെ കിട്ടുന്നതിൽ കാലതാമസം വന്നതോടെ പലരും ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ ഓണക്കാലത്ത് കോഴിക്കോട് ഖാദി ബോർഡിൽ മാത്രം നടന്നത് രണ്ടേകാൽ കോടിയുടെ വിൽപ്പനയാണ്. വിഷുവിനും ബക്രീദിനുമെല്ലാം വിൽപ്പന തകൃതിയാണെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
മുണ്ടിന് കൂടിയ വില; കിട്ടുന്നത് പഴയ കൂലി
ഒരു മുണ്ട് നെയ്താൽ 120 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. കൂലി 130 രൂപയായി ഉയർത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച കണക്കുകൾക്കും കൃത്യതയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ഓണക്കാലത്ത് തൊഴിലാളി സമരത്തെ തുടർന്നാണ് അതുവരെയുള്ള ഇൻസെന്റീവ് കുടിശിക ലഭിച്ചത്. ക്ഷാമബത്തയും മുടങ്ങി. കൂലി ലഭിക്കുന്നതിലും ഇടയ്ക്ക് കാലതാമസം നേരിടുന്നുണ്ട്. ഖാദി ബോർഡിന് കീഴിലെ തൊഴിലാളികൾ യന്ത്രമുപയോഗിക്കാതെ കൈകൊണ്ടു തന്നെ യന്ത്രം പ്രവർത്തിപ്പിക്കണം എന്ന ചട്ടം വന്നതോടെ ജോലിഭാരം ഇരട്ടിയായി. ഇതോടെ ഉത്പാദനവും വരുമാനവും കുറഞ്ഞു.
'' ഓണക്കാലത്ത് സമരം നടത്തിയപ്പോഴാണ് അതുവരെയുള്ള ആനുകൂല്യം ലഭിച്ചത്. കൂലി പോലും സമയത്ത് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് "
അജിത, ഖാദി തൊഴിലാളി
ജില്ലയിൽ 56 കേന്ദ്രങ്ങൾ , 800 തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |