ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെപരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പ്രത്യേക കോടതി ജഡ്ജി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ താൽക്കാലിക കോടതി രൂപീകരിച്ച് മൊഴി രേഖപ്പെടുത്താൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ബലാത്സംഗകേസിലെ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെംഗാറിനെയും പ്രത്യേക വാദം കേൾക്കുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു.
ജൂലായ് 28ന് സഞ്ചരിച്ച വാഹനത്തിൽ ട്രക്കിടിച്ച് കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് ആരോപണമുയർന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതോടെ ആശുപത്രിയിൽ രൂപീകരിച്ച താൽക്കാലിക കോടതിയിലേക്ക് സ്‌ട്രെച്ചറിലോ ട്രോളിയിലോ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തണമെന്നും പരിചയസമ്പന്നനായ ഒരു നഴ്‌സ് കൂടെയുണ്ടാകണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
ഉത്തർപ്രദേശ് എം.എൽ.എയായിരുന്ന കുൽദീപ് സിംഗ് സെംഗാർ 2017 ൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ബി.ജെ.പി കുൽദീപ് സിംഗിനെ പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |