ബംഗളൂരു: തിരക്ക് കാരണം ട്രെയിൻ യാത്ര മുടങ്ങിയ വൃദ്ധ ദമ്പതികൾക്ക് ഇന്ത്യൻ റെയിൽവേ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. 2022 ഏപ്രിൽ 13ന് രാത്രി, തിരക്ക് കാരണം കൃഷ്ണരാജപുരം സ്റ്റേഷനിൽ നിന്ന് വൃദ്ധ ദമ്പതികൾക്ക് ട്രെയിനിൽ കയറാൻ സാധിച്ചിരുന്നില്ല. ഈ സംഭവത്തിലാണ് ഇപ്പോൾ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവായിരിക്കുന്നത്.
65കാരനായ പൂർണ രാമകൃഷ്ണയും ഭാര്യ ഹിമാവതിയും രാത്രി 11.53 ന് വിജയവാഡയിലേക്ക് പോകുന്ന ഗുവാഹത്തി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. 892.5 രൂപ നൽകി ബുക്ക് ചെയ്‌ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സ്റ്റേഷനിലേക്കുള്ള ഓട്ടോറിക്ഷാ യാത്രയ്‌ക്ക് 165 രൂപയും ഇവർ നൽകി. സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും, എസ് 2 കോച്ചിൽ തിരക്ക് കൂടുതലായതിനാൽ ദമ്പതികൾക്ക് കയറാനായില്ല. സഹായിക്കാൻ റെയിൽവേ ജീവനക്കാരൊന്നും എത്താത്തതിനാൽ അവർക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. ട്രെയിൻ നഷ്ടപ്പെട്ടതിനാൽ റിട്ടേൺ ടിക്കറ്റും റദ്ദാക്കേണ്ടി വന്നു, ഇത് ദമ്പതികൾക്ക് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമായി.
പരാതി അറിയിച്ചുകൊണ്ട് ദമ്പതികൾ ഇന്ത്യൻ റെയിൽവേയ്‌ക്ക് മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. മറ്റ് മാർഗങ്ങളൊന്നും ഇല്ലാതായതോടെ അവർ ബംഗളൂരു അർബൻ 2 ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. 45 ദിവസത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ മറുപടി നൽകാതായതോടെ 2023 ജൂലായിൽ പ്രാരംഭ പരാതി തള്ളി. ഇതിൽ നിന്ന് പിന്മാറാതെ ദമ്പതികൾ സംസ്ഥാന ഉപഭോക്തൃ കമ്മീഷന് അപ്പീൽ നൽകി. കേസ് പൂർണമായും വാദം കേൾക്കാനായി ജില്ലാ ഫോറത്തിലേക്ക് തിരിച്ചയച്ചു. ഏകദേശം മൂന്ന് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വൃദ്ധ ദമ്പതികൾക്ക് നീതി ലഭിച്ചത്.
2025 മാർച്ചിൽ വൃദ്ധ ദമ്പതികൾക്ക് അനുകൂലമായി ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. 892.5 രൂപ ടിക്കറ്റ് നിരക്ക് തിരികെ നൽകാനും, വൈകാരിക ക്ലേശത്തിനും സേവന പരാജയത്തിനും നഷ്ടപരിഹാരമായി 5,000 രൂപ നൽകാനും, നിയമപരമായ ചെലവുകൾക്കായി 3,000 രൂപ നൽകാനും ഇന്ത്യൻ റെയിൽവേയോട് ഉപഭോക്തൃ കമ്മീഷൻ ആലശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |