പാലക്കാട്: ശിലാസ്ഥാപനം നടത്തി എട്ട് വർഷമായിട്ടും പൂർത്തിയാകാതെ അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമ്മാണം. വർഷം ഏറെ പിന്നിട്ടിട്ടും പാലം പണി പൂർത്തിയാക്കിയിട്ടില്ല. പലവിധ കാരണങ്ങളാൽ നിർമ്മാണം ഇടക്കിടെ തടസപ്പെടുകയാണ്. നാട്ടുകാർ ഒട്ടേറെത്തവണ പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. ജനപ്രതിനിധികൾ പലവട്ടം റെയിൽവേയെ ഉൾപ്പെടെ ആശങ്ക അറിയിച്ചു. ഇനി റെയിൽവേ ട്രാക്കിനു മുകളിലുള്ള ഭാഗത്താണു പാലം നിർമ്മിക്കേണ്ടത്. ഈ ഭാഗത്ത് റെയിൽവേയുടെ നേതൃത്വത്തിലാണു നിർമ്മാണ പ്രവൃത്തി. റെയിൽവേയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടു വേണം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷനു തുടർ പ്രവൃത്തികൾ നടത്താൻ. ഇതെല്ലാം പൂർത്തിയാക്കി എന്നു മേൽപാലം തുറക്കുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ശിലാസ്ഥാപനം നടത്തിയിട്ട് 8 വർഷം
നടക്കാവ് റെയിൽവേ ഗേറ്റ് തുടരെത്തുടരെ അടയ്ക്കുന്നതു വഴിയുള്ള യാത്രാദുരിതം ഒഴിവാക്കാനാണ് പ്രദേശവാസികൾ മേൽപ്പാലമെന്ന ആവശ്യം ഉന്നയിച്ചത്. 2017ൽ ശിലാസ്ഥാപനം നടത്തിയ മേൽപ്പാലത്തിന്റെ നിർമ്മാണമാണ് ഒച്ചിഴയും പോലെ നീങ്ങുന്നത്. 2021ൽ നിർമ്മാണോദ്ഘാടനം നടത്തുമ്പോൾ ഒരു വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു ഉറപ്പ്. പാലം നിർമ്മാണം ആരംഭിച്ച അന്ന് നിറുത്തിയതാണ് ഇതുവഴിയുള്ള ബസ് സർവീസുകൾ. ഒരു മണിക്കൂറിൽ തന്നെ പലതവണ ഗേറ്റ് അടച്ചിരുന്നതിനാൽ ആ കുരുക്കിൽ കുടുങ്ങി യഥാസമയം വൈദ്യ സഹായം ലഭിക്കാതെ ജീവൻ നഷ്ടമായവർ ഒട്ടേറെയുണ്ട്. ഇതൊഴിവാക്കാനാണ് നാടാകെ റെയിൽവേ മേൽപ്പാലത്തിനായി നിലകൊണ്ടത്. പദ്ധതി അംഗീകരിച്ചു ഫണ്ടും അനുവദിച്ചു. നിലവിൽ ബസുകൾ മറ്റു വഴികളിലൂടെയാണു പോകുന്നത്. നടക്കാവ് റെയിൽവേ ട്രാക്കിന് അപ്പുറവും ഇപ്പുറവും വരെ മാത്രമേ വാഹനങ്ങൾക്ക് വരാനാകൂ. സർവീസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ചെളി പ്രശ്നവും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അടിയന്തരഘട്ടത്തിൽ വൈദ്യസഹായം ലഭ്യമാക്കണമെങ്കിൽ പോലും കിലോമീറ്ററുകളോളം ചുറ്റിപ്പോകണം.
നിർമ്മാണത്തിന് മേൽനോട്ടസമിതി
മേൽപ്പാലം നിർമ്മാണത്തിന്റെ മേൽനോട്ടത്തിനായി സമിതി രൂപവത്കരിക്കും. ജില്ലാ കളക്ടർ, സീനിയർ റവന്യൂ ഡിവിഷണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ, റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിലെയും നിർമ്മാണക്കമ്പനിയായ ആർ.ബി.ഡി.സി.കെയുടെയും മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന മോണിറ്ററിംഗ് സമിതിയാണ് രൂപവത്കരിക്കുക. നിശ്ചിത ഇടവേളകളിൽ കമ്മിറ്റി പുരോഗതി വിലയിരുത്തും. മോണിറ്ററിംഗ് കമ്മിറ്റി കൂടുമ്പോൾ അകത്തേത്തറ നടക്കാവ് മേൽപ്പാലം ജനകീയസമിതി കൺവീനറുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മുഖവിലയ്‌ക്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |