വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ റെയിൽപ്പാതയുടെ നിർമ്മാണത്തിന് ഈ മാസം ടെൻഡർ ക്ഷണിക്കുന്നതിനുള്ള ഡോക്കുമെന്റുകൾ വിഴിഞ്ഞം ഇന്റർനാഷണൽ തുറമുഖ നിർമ്മാണ കമ്പനി(വിസിൽ)യ്ക്ക് കൊങ്കൺ റെയിൽ കോർപ്പറേഷൻ കൈമാറി. 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി തുറമുഖത്തെ ബന്ധിപ്പിക്കും. ഡി.പി.ആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാൻമന്ത്രി ഗതിശക്തി,സാഗർമാല,റെയിൽ സാഗർ തുടങ്ങിയവയിൽ നിന്നാണ് പദ്ധതിക്കാവശ്യമായ ഫണ്ട്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 1482.92 കോടി രൂപയാണ് പദ്ധതിച്ചെലവ്.
ടെർമിനൽ (സി.ആർ.ടി)
കണ്ടെയ്നർ റെയിൽ ടെർമിനൽ (സി.ആർ.ടി) സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. റെയിൽ കണക്ടിവിറ്റി സ്ഥാപിക്കുന്നതുവരെ സി.ആർ.ടി മുഖാന്തരം ചരക്കുനീക്കം നടക്കും.
പാത ഇതുവഴി
ബാലരാമപുരം മുടവൂർപ്പാറ മുതൽ തുറമുഖം വരെ ഒറ്റവരിയായാണ് പാത നിർമ്മിക്കുന്നത്. ബാലരാമപുരത്തു നിന്ന് നേമം സ്റ്റേഷനിലേക്കും ബാലരാമപുരം സ്റ്റേഷനിലേക്കും രണ്ടായി തിരിയും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിർമ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും.
മാറ്റിപ്പാർപ്പിക്കേണ്ടത്
17 വീടുകളിൽ നിന്ന് 38 കുടുംബങ്ങളെ
11 വീടുകൾ പൂർണമായും പൊളിക്കണം
പദ്ധതിച്ചെലവ് - 1200 കോടി
10.76 കി.മീറ്റർ 9.2 കിലോമീറ്ററും ഭൂമിക്കടിയിലൂടെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |