കണ്ണൂർ: ഫീസ് കുടിശികയുടെ പേരിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ സ്കൂൾ ബസിൽ നിന്ന് വലിച്ചിറക്കി വിട്ടതായി ആരോപണം.പയ്യന്നൂർ തായിനേരിയിലെ എസ്.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസുകാരനാണ് പ്രവേശനോത്സവ ദിനത്തിൽ ദുരനുഭവം. സ്കൂൾ ബസ് കോ-ഓർഡിനേറ്ററായ ഇസ്മയിൽ കൂട്ടുകാരുടെ മുന്നിൽ വച്ച് കുട്ടിയെ ഷർട്ടിന് പിടിച്ച് പുറത്തിറക്കി ഓഫീസിലെത്തിച്ച് അപമാനിച്ചെന്ന് മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും ചൈൽഡ് ലൈനിനും കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
രാവിലെ സ്കൂൾ ബസിലാണ് കുട്ടി സ്കൂളിലെത്തിയത്. ഉച്ചയോടെ ക്ളാസ് വിട്ട് തിരികെ പോകാൻ കയറിയപ്പോഴാണ് ഇസ്മായിൽ ഷർട്ടിൽ പിടിച്ചിറക്കി ഓഫീസ് റൂമിൽ കൊണ്ടുപോയി ചോദ്യം ചെയ്തത്.മറ്റ് കുട്ടികളുടെ മുന്നിൽ വച്ചുണ്ടായ അപമാനം തന്റെ കുഞ്ഞിന് താങ്ങാവുന്നതിലും ഏറെയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സ്കൂൾ അധികൃതർ കുട്ടിയെ ഒരു സ്കൂട്ടറിൽ കയറ്റിവിട്ടു.ആറു കിലോമീറ്റർ അകലെ പയ്യന്നൂർ കോളോത്ത് സ്കൂട്ടറിൽ ഇറക്കിയ കുട്ടിയെ വിവരമറിഞ്ഞ് താൻ വാഹനത്തിൽ കൂട്ടിക്കൊണ്ടു വരുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.കേളോത്ത് നിന്ന് എട്ടു കിലോമീറ്റർ കൂടി ദൂരമുണ്ട് കുട്ടിയുടെ വീട്ടിലേക്ക്.
ബസ് ഫീസ് കുടിശിക
ഇല്ലെന്ന് പിതാവ്
മകന്റെ ബസ് ഫീസിൽ കുടിശ്ശികയില്ലെന്ന് പിതാവ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് സ്കൂൾ അധികൃതരോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. കുടിശ്ശികയുണ്ടെന്ന് പറയാൻ സ്കൂൾ അധികൃതരും തയ്യാറായില്ല.കുട്ടിയെ അപമാനിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേ സമയം ,കുട്ടിയെ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കിയെന്ന ആരോപണം സ്കൂൾ അധികൃതർ തള്ളി. കുട്ടിയോട് സംസാരിക്കുന്നതിനിടയിൽ ബസ് വിട്ടു പോയതിനാലാണ് സ്കൂട്ടറിൽ കയറ്റിവിട്ടതെന്നും..,ഇന്നലെ സ്കൂൾ മാനേജ്മെന്റ് യോഗം ചേർന്നു. കുട്ടിയെ അപമാനിച്ച ജീവനക്കാരനെക്കൊണ്ട് ക്ഷമ ചോദിപ്പിച്ച് പ്രശ്നം ഒതുക്കാനുള്ള നീക്കവും നടക്കുന്നു. രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ
ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടിയെ മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് ബസിൽ നിന്നിറക്കിക്കൊണ്ടുവന്നതിൽ വീഴ്ച പറ്റി . ഷർട്ടിൽ പിടിച്ചു വലിച്ചെന്ന ആരോപണം തെറ്റാണ്.
-റഫീക് ,സ്കൂൾ ഹെഡ് മാസ്റ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |