കടലിന്റെ അടിത്തട്ടിൽ മാത്രം ജീവിക്കുന്ന മത്സ്യങ്ങളിൽ ഒന്നാണ് ഓർ മത്സ്യം. വെളുത്ത നിറത്തിൽ റിബൺ പോലെ ശരീരമുള്ള ഈ മത്സ്യം തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സമുദ്രോപരിതലത്തിൽ എത്തിയ ഈ മത്സ്യത്തിന് ഏകദേശം 30 അടിയോളം നീളമുണ്ടെന്നാണ് റിപ്പോർട്ട്.
ഓർ മത്സ്യങ്ങൾ സമുദ്രോപരതലത്തിൽ നിന്ന് 656 മുതൽ 3200 അടി വരെ താഴ്ചയിലാണ് ജീവിക്കുക. ആഴക്കടലിൽ ജീവിക്കുന്ന ഈ മത്സ്യം ഭൂകമ്പമോ അഗ്നിപർവ്വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കടലിന്റെ ഉപരിതലത്തിൽ എത്താറുള്ളതെന്നാണ് വിശ്വാസം. 2011ൽ ഫുകുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ ഡസൻ കണക്കിന് ഓർ മത്സ്യങ്ങൾ തീരത്ത് വന്നടിഞ്ഞതായി കണ്ടെത്തിയിരുന്നു. 2017ൽ ഫിലിപ്പീൻസിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് മുമ്പ് രണ്ട് ഓർ മത്സ്യങ്ങളും കണ്ടെത്തിയിരുന്നു.
ഉപരിതലത്തിൽ ഓർ മത്സ്യങ്ങളുടെ സാന്നിദ്ധ്യം വരാനിരിക്കുന്ന ദുരന്തത്തെ സൂചിപ്പിക്കുന്നുവെന്ന വിശ്വാസം ഇതോടെ ശക്തിപ്പെടുകയായിരുന്നു. കൂടാതെ മെക്സിക്കോയിൽ, ഒരു പ്രധാന ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് തീരത്ത് ഒരു ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, ശാസ്ത്രീയ തെളിവുകൾ ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നില്ല. 1928 മുതൽ 2011 വരെയുള്ള ഭൂകമ്പങ്ങളും ഓർ മത്സ്യങ്ങളും തമ്മിൽ വ്യക്തമായ ബന്ധമില്ലെന്ന് 'ബുള്ളറ്റിൻ ഓഫ് ദി സീസ്‌മോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക'യിൽ 2019ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓർ മത്സ്യത്തെ കാണുന്നതും ഭൂകമ്പവും തമ്മിൽ വ്യക്തമായ ബന്ധമില്ലെന്ന് ഗവേഷകനായ യോഷിയാക്കി ഒറിഹാരയും വ്യക്തമാക്കിയിരുന്നു.
സമുദ്ര പ്രവാഹങ്ങളിലെ മാറ്റങ്ങൾ, താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, അസുഖങ്ങൾ തുടങ്ങിയ സ്വാഭാവിക കാരണങ്ങളാൽ ഓർ മത്സ്യം കടലിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന് 2018 ലെ ഒരു പഠനത്തിൽ പറയുന്നത്, എൽ നിനോ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ സാധാരണയേക്കാൾ ഉയർന്ന സമുദ്ര താപനിലയ്ക്ക് കാരണമാകും. ഈ സമയത്ത് ഓർ മത്സ്യങ്ങൾ പോലുള്ളവ ആഴം കുറഞ്ഞ സ്ഥലങ്ങളിലേക്ക് എത്താനുള്ള സാദ്ധ്യതയുണ്ട്.
ഓർ മത്സ്യത്തെ കാണുന്നത് അപൂർവ്വമാണെങ്കിലും അത് എല്ലായ്‌പ്പോഴും ദുരന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നില്ലെന്ന് സമുദ്ര ജീവശാസ്ത്രജ്ഞനായ തോമസ് ക്ലാവറി വിശദീകരിച്ചു. മത്സ്യബന്ധനത്തിലേർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ ഓർ മത്സ്യത്തെ കാണാറുണ്ടെന്നും അതുകൊണ്ട് സുനാമിക്ക് സാദ്ധ്യതയുണ്ടെന്നൊന്നും പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഴക്കടലിലെ ഭൂകമ്പത്തിന് മുമ്പുണ്ടാകുന്ന സൂക്ഷ്മമായ മർദ്ദ മാറ്റങ്ങൾ മത്സ്യത്തെ ഉപരിതലത്തലേക്ക് തള്ളിവട്ടേക്കാമെന്ന് ചില വിദഗ്ധർ സിദ്ധാന്തിക്കുന്നുണ്ടെങ്കിലും, ഇത് സംബന്ധിട്ട് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. ഈ മത്സ്യങ്ങൾക്ക് അസുഖം വരുമ്പോഴും ജീവൻ നഷ്ടപ്പെടുന്ന സമയത്തും സമുദ്രത്തിന്റെ ഉപരിതലത്തിലേക്ക് എത്തിയേക്കും. സ്‌ക്രിപ്സ് ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഓഷ്യാനോഗ്രഫി പുറത്തുവിട്ട കണക്ക് പ്രകാരം, 1901 മുതൽ 2024 വരെ കാലിഫോർണിയയിൽ 20 ഓർ മത്സ്യങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ. അവയിൽ മിക്കതും ചത്തുപോയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ചർച്ച
ഇപ്പോൾ തമിഴ്നാട്ടിലെ തീരത്ത് ഓർ മത്സ്യങ്ങൾ എത്തിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉയരുന്നത്. ചില ഉപയോക്താക്കൾ മത്സ്യം ഒരു ദുരന്ത മുന്നറിയിപ്പാണെന്ന് വിശ്വസിക്കുമ്പോൾ, മറ്റുള്ളവർ ഇതിനെ ഒരു സ്വാഭാവിക പ്രതിഭാസമായി മാത്രം കണക്കാക്കുന്നു. തമിഴ്നാട് തീരങ്ങളിൽ ഇപ്പോൾ കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യമാകാം ഓർ മത്സ്യം തീരത്തേക്കടുത്തതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |