ആലുവ: പരിസ്ഥിതി സംരക്ഷണത്തിനായി പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണന്റെ നേതൃത്വത്തിൽ ആരംഭിച്ച 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷന്റെ ഭാഗമായ വൃക്ഷ യജ്ഞം പത്താം വർഷത്തിലേക്ക്. ജില്ലയിൽ ഒരു ലക്ഷം ആര്യവേപ്പിൻ തൈകൾ വച്ചുപിടിപ്പിക്കുന്നതിനായി രണ്ട് വർഷം മുമ്പാരംഭിച്ച പദ്ധതി ഇന്ന് പൂർത്തിയാകും.
ഇന്ന് ആരംഭിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ലക്ഷത്തിൽ ശേഷിക്കുന്ന 12,000 ആര്യവേപ്പിൻ തൈകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടും. ആലുവ പരിസ്ഥിതി സംരക്ഷണ സംഘം മികച്ച പരിസ്ഥിതി പ്രവർത്തകർക്കായി ഏർപ്പെടുത്തിയ 'ഭൂമിമിത്ര പുരസ്‌കാരം' ഇന്ന് ആലുവയിൽ നടക്കുന്ന ചടങ്ങിൽ ശ്രീമൻ നാരായണൻ ഏറ്റുവാങ്ങും.
പ്രകൃതിക്കായുള്ള പദ്ധതികൾ
വൃക്ഷ യജ്ഞത്തിന് ആവശ്യമായ ആര്യവേപ്പിൻ തൈകൾ തമിഴ്‌നാട്ടിൽ നിന്നാണ് എത്തിച്ചത്. കഴിഞ്ഞ ഒമ്പത് വൃക്ഷ യജ്ഞങ്ങളിലൂടെ അഞ്ചര ലക്ഷം ഫലവൃക്ഷത്തൈകൾ സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലുമായി വച്ചുപിടിപ്പിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഫലം തന്നുതുടങ്ങി.
ശ്രീമൻ നാരായണന്റെ സ്വന്തം ഗ്രാമമായ മുപ്പത്തടത്തിൽ 10001 മാവും പ്ലാവും നേരിട്ട് ചെന്ന് വച്ചുപിടിപ്പിച്ചവയും മൂന്ന് വർഷം മുമ്പ് മുതൽ ഫലം തന്നുതുടങ്ങി. കൂടാതെ, 'നടാം നനയ്ക്കാം നടയിൽ വയ്ക്കാം' പദ്ധതിയിലൂടെ ഒന്നര ലക്ഷം ചെത്തി, തുളസി, കൂവളം തൈകളും വിതരണം ചെയ്തിട്ടുണ്ട്. പക്ഷികൾക്ക് വേനൽക്കാലത്ത് വെള്ളം വയ്ക്കാനായി ആരംഭിച്ച 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതിയിലൂടെ രണ്ട് ലക്ഷം മൺപാത്രങ്ങൾ വിതരണം ചെയ്തു.
ജില്ലയിലെ വായു, ജലം, മണ്ണ് മലിനീകരണം പരിഹരിക്കുന്നതിന് യജ്ഞം സഹായമാകും.
ശ്രീമൻ നാരായണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |