തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ സ്‌പോൺസർഷിപ്പിലൂടെ വികസന പ്രവർത്തനം നടത്താനുള്ള നീക്കം വിവാദത്തിൽ. കാശുള്ളവന് കാര്യം നേടിയെടുക്കാനുള്ള വഴിയാകുമെന്നും സ്‌പോൺസർഷിപ്പിനായി തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരും സെക്രട്ടറിമാരും സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട സ്ഥിതിയാകുമെന്നുമാണ് ആക്ഷേപം. എന്നാൽ ആറാം ധനകാര്യകമ്മീഷൻ ശുപാർശ പ്രകാരം പൊതുപങ്കാളിത്തത്തോടെയുള്ള നാടിന്റെ വികസനമാണ് ലക്ഷ്യമെന്നാണ് സർക്കാർ നിലപാട്.
ഭൂമിയും സാധനങ്ങളും പണവും സേവനവും സംഭാവനയായി സമാഹരിച്ച് തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശികലത്തിൽ കാര്യക്ഷമമായ വികസനം നടത്തമെന്നാണ് കഴിഞ്ഞദിവസം തദ്ദേശസ്ഥാപനങ്ങൾക്ക് വകുപ്പ് നൽകിയ സർക്കുലർ.
സംഭാവനകൾ വാങ്ങി ഉപയോഗിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം വർഷം തോറും വിലയിരുത്തുമെന്നും മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാൻ ഇതും മാനദണ്ഡമാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതോടെ നല്ല തദ്ദേശസ്ഥാപനമെന്ന പേരെടുക്കാൻ മത്സരിച്ച് പിരിക്കണമോയെന്ന ചോദ്യമാണ് സെക്രട്ടറിമാർ ഉന്നയിക്കുന്നത്.
സൗകര്യങ്ങൾ കൂട്ടാനും സ്‌പോൺസർഷിപ്പ്
സ്‌കൂളുകൾ, ആശുപത്രികൾ, അങ്കണവാടികൾ, ബഡ്സ് സ്‌കൂളുകൾ, മറ്റു ക്ഷേമസ്ഥാപനങ്ങൾ തുടങ്ങിവയിലെ സൗകര്യങ്ങൾ കൂട്ടാനും കുടിവെള്ളം, റോഡുകൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയ പദ്ധതികൾക്കും സ്‌പോൺസർഷിപ്പ് കണ്ടെത്തണം. ബിസിനസ്–വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹികപ്രതിബദ്ധതാ (സി.എസ്.ആർ) ഫണ്ട്, റോഡുകൾക്കും ഭവനപദ്ധതികൾക്കും സൗജന്യ ഭൂമി, ആശുപത്രി മാനേജിംഗ് കമ്മിറ്റിക്കും സ്‌കൂളിനും പി.ടി.എ, പൂർവവിദ്യാർഥി സംഘടന വഴി ലഭിക്കുന്ന സംഭാവന, ശ്രമദാനം പോലുള്ള യുവാക്കളുടെ സന്നദ്ധത പ്രവർത്തനം, അക്കാഡമിക് സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫഷനൽ സേവനം തുടങ്ങിയവ സ്രോതസുകളാണെന്നും സർക്കുലറിലുണ്ട്. കൃത്യമായി രസീത് നൽകി ഇടനിലക്കാരില്ലാതെ വേണം ഇത് സ്വീകരിക്കാൻ. ആദായനികുതി, എഫ്സിആർഎ, കരാർ നിയമങ്ങൾക്ക് അനുസരിച്ചാണോ സംഭാവനയെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |