പാലക്കാട്: അതിർത്തി കടന്ന് സംസ്ഥാനത്തേക്ക് സ്പിരിറ്റ് ഉൾപ്പെടെ ഒഴുകുമ്പോഴും എക്‌സൈസ് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തം. പേരിന് മയക്കുമരുന്ന് പിടികൂടുകയെന്ന ദൗത്യം മാത്രമായി എക്‌സൈസ് വകുപ്പ് മാറിയെന്നാണ് ചില ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
കഴിഞ്ഞദിവസം കൊഴിഞ്ഞാമ്പാറയിൽ പിടികൂടിയ സ്പിരിറ്റ് വേട്ട തന്നെ ഉദാഹരണം. അതിർത്തി കടന്ന് നിർബാധം സ്പിരിറ്റ് ഒഴുകുമ്പോഴും എക്‌സൈസ് വകുപ്പ് അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന 1155 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഡാൻഡാഫ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. മിനി ലോറിയിൽ പ്രത്യേകം രഹസ്യ നിർമ്മിച്ചാണ് സ്പിരിറ്റ് കടത്തിക്കൊണ്ടുവന്നിരുന്നത്. തൃശ്ശൂരിലേക്ക് എത്തിക്കാനാണ് സ്പിരിറ്റ് കൊണ്ടുവന്നതാണെന്നാണ് അറസ്റ്റിലായ ഡ്രൈവറുടെ മൊഴി. മുൻപു ഇത്തരത്തിൽ സ്പിരിറ്റ് കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിർത്തി വഴി സദാസമയങ്ങളിലും സ്പിരിറ്റ് ഒഴുകുന്നുണ്ടെന്നാണ് സൂചനകൾ.
ചിറ്റൂരിൽ നിന്നും സംസ്ഥാനത്തെ അന്യജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിൽ കലർത്താനും മറ്റുമാണ് സ്പിരിറ്റ് യഥേഷ്ടം ഉപയോഗിക്കുന്നത്. ഇതിനുപുറമെ ബാറുടമകളും സ്പിരിറ്റ് ഉപയോഗിച്ച് വ്യാജ മദ്യനിർമ്മാണം നടത്തുന്നുണ്ടെന്നാണ് വിവരം. മാസങ്ങൾക്കു മുമ്പ് യഥേഷ്ടം ഒഴുകിയിരുന്ന സ്പിരിറ്റ്, രാസലഹരിയുടെ കടന്നുവരവോടെ കുറഞ്ഞുവെന്നാണ് എക്‌സൈസിന്റെ വാദം. അതേസമയം എക്‌സൈസ് വകുപ്പിന്റെ പരിശോധന ഇല്ലായ്മയാണ് സ്പിരിറ്റ് പിടികൂടാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റ് അതിർത്തി വഴി ഒഴുകുന്നുണ്ടെന്നാണ് ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. നേരത്തെ എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയപ്പോൾ സ്പിരിറ്റ് ഒഴുക്ക് നന്നേ കുറഞ്ഞിരുന്നു. പരിശോധന വഴിപാടുപോലെയായതോടെയാണ് പ്രശ്നം രൂക്ഷമായത്. എക്‌സൈസ് വകുപ്പിലെ ചില ഉന്നതരും സ്പിരിറ്റ് ലോബിയും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |