സുൽത്താൻ ബത്തേരി: വന്യമൃഗശല്യം പ്രതിരോധിക്കാൻ വയലിൽ സ്ഥാപിച്ച വേലിയ്ക്ക് സമീപം കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റെയ്ഞ്ചിൽ പൊൻകുഴി ഫോറസ്റ്റ് സെക്ഷനിലെ മുത്തങ്ങ മുറിയൻകുന്ന് വയലിലാണ് ഇന്നലെ രാവിലെ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടുകൊമ്പന്റെ പിൻകാലിൽ കമ്പി കുരുങ്ങിയ നിലയിലാണ്. മുപ്പത്തിയഞ്ച് വയസ് പ്രായമുണ്ട് . അതേ സമയം ആന ഷോക്കേറ്റാണോ മരിച്ചത് എന്നത് സംബന്ധിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമെ വ്യക്തമാകുവെന്ന് വനം വകുപ്പ് പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഫോറസ്റ്റ് ലീസ് ഭൂമിയിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി സ്ഥാപിച്ച വൈദ്യുതി കമ്പി വേലിയോട് ചേർന്നാണ് കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തിയത്. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആന ചരിയാൻ കാരണം ഫെൻസിംഗ് ഷോക്ക് ആണെന്നാണ് പ്രാഥമിക നിഗമനം. നിരവധി കുടുംബങ്ങൾ താമസിക്കുകയും കൃഷിയിറക്കുകയും ചെയ്തുവരുന്ന പ്രദേശത്താണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |