ന്യൂഡൽഹി: ഇറാനിലെ തെഹ്‌റാനിൽ ബന്ദിയാക്കപ്പെട്ട മൂന്ന് പഞ്ചാബ് സ്വദേശികളെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചു. ആസ്ട്രേലിയയിലേക്കുള്ള യാത്രാ മദ്ധ്യേ ഇറാനിൽ പോയപ്പോളാണ് ഇവർ ബന്ദികളാക്കപ്പെട്ടത്.
പഞ്ചാബ് സ്വദേശികളായ ഹുഷാൻപ്രീത് സിംഗ്, ജസ്പാൽ സിംഗ്, അമൃത്പാൽ സിംഗ് എന്നിവരെ കാണാതായതായി ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്നുള്ള ഒരു ട്രാവൽ ഏജന്റ് വഴി ഓസ്‌ട്രേലിയയിലേക്ക് പോകുംവഴി ഇറാനിലെത്തിയെന്ന് വ്യക്തമായി. ദുബായ്, ഇറാൻ എന്നിവിടങ്ങളിലൂടെ ഓസ്ട്രേലിയയിലേക്ക് കടത്താമെന്നായിരുന്നു വാഗ്‌ദാനം.
എന്നാൽ മേയ് ഒന്നിന് ടെഹ്‌റാനിൽ വച്ച് മൂന്നുപേരെയും കാണാതായി. ഇവർ ബന്ദികളാണെന്നും ഒരുകോടി രൂപ മോചന ദ്രവ്യം നൽകണമെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൂന്നുപേരും രക്തംവാർന്ന നിലയിൽ കയറുകൾ കൊണ്ട് ബന്ധിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കളെ അവർ കാണിച്ചിരുന്നു. മോചനദ്രവ്യം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇന്ത്യൻ എംബസി ഇറാൻ പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ മൂന്നുപേരെയും കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |