നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസം യുഡിഎഫിന് മുന്നിൽ പുതിയ ഉപാധികൾ വച്ച് പിവി അൻവർ. അടുത്ത തവണ യുഡിഎഫിന് ഭരണം കിട്ടിയാൽ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നൽകണമെന്നും അല്ലെങ്കിൽ വിഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാൽ മതിയെന്നുമാണ് അൻവറിന്റെ ഉപാധി. വിഡി സതീശനെ 'മുക്കാൽ പിണറായി' എന്നാണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പിവി അൻവർ വിശേഷിപ്പിച്ചത്.
'വിഡി സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാൻ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാൽ പിണറായിയെ ഭരണത്തിൽ കയറ്റാൻ ഞാനില്ല. 2026ലെ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാൻ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ മുന്നണി പടയാളിയായി ഞാൻ ഉണ്ടാകും. അതിൽ ഒരു തർക്കവുമില്ല. മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് എന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ആവശ്യം. മലപ്പുറം ജില്ല വിഭജിക്കണം. തിരഞ്ഞെടുപ്പിന് ശേഷവും ഈ വിഷയം ഉന്നയിച്ച് രംഗത്തുണ്ടാവും. മലയോര ജനതയ്‌ക്കായി തിരുവമ്പാടി കൂടി ഉൾപ്പെടുത്തി പുതിയ ജില്ല വരണം '- പിവി അൻവർ പറഞ്ഞു.
പിവി അൻവറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ബൽറാം രംഗത്തെത്തി. 'പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു', എന്നാണ് അൻവറിനെ പരിഹസിച്ച് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |