കോട്ടയം: കെവിൻ, നീനു എന്നീ പേരുകൾ മലയാളികൾക്ക് എന്നുമൊരു നോവാണ്. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു കോട്ടയം സ്വദേശി കെവിൻ. നീനുവിന്റെ സഹോദരനും സംഘവുമാണ് കെവിനെ ഇല്ലാതാക്കിയത്.
2018 മേയ് ഇരുപത്തിയെട്ടിനാണ് പുഴയിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം പത്ത് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോയടക്കം നാല് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
ഭർത്താവിന്റെ മരണശേഷം നീനു കെവിന്റെ കുടുംബത്തിനൊപ്പമായിരുന്നു നിലകൊണ്ടത്. നീനു പിന്നീട് ബംഗളൂരുവിൽ എം എസ് ഡബ്ല്യു ചെയ്‌തെന്നുമൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി നീനു വിവാഹിതയായി എന്ന രീതിയിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
'കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കെവിന്റെ പിതാവ് മുൻകൈയെടുത്താണ് വിവാഹം നടത്തിയത്'- എന്നായിരുന്നു പ്രചരണം. ഇതെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെവിന്റെ അച്ഛൻ.
'നീനുവിനെ ഞാൻ ആർക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാർത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം'- അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. എം എസ് ഡ ബ്ല്യൂ പൂർത്തിയാക്കിയ നീനു ഇപ്പോൾ ജോലിയിൽ പ്രവേശിച്ചെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |