പൊന്നാനി: മഴയെത്തിയതോടെ നാട്ടിൽ സജീവമായി മാറുകയാണ് ഞാവൽപഴം വിപണി. എന്നാൽ നമ്മുടെ നാട്ടിൻപുറങ്ങളിലും വഴിവക്കിലും നിലത്തു കിടന്ന് ചീഞ്ഞിരുന്ന ഞാവൽപ്പഴം ഇന്ന് വി.ഐ.പിയാണ്. വില കിലോക്ക് 400 രൂപയാണ്. വിലയിൽ മാത്രമല്ല ഗുണത്തിലും ഞാവൽപഴം വി.ഐ.പിയാണ്.
ഇലയും തൊലിയും വിത്തുമെല്ലാം ഔഷധഗുണമുള്ള ഫലമാണ് ഞാവൽ. ഈ രണ്ട് മാസമാണ് ഞാവൽപഴത്തിന്റെ സീസൺ. അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് ദൂരെ നിന്ന് പോലും കച്ചവടത്തിനായി ആളുകൾ പൊന്നാനി എടപ്പാൾ, കുറ്റിപ്പുറം ഭാഗങ്ങളിലേക്ക് വരുന്നത്.
നിലവിൽ പൊന്നാനി എടപ്പാൾ, കുറ്റിപ്പുറം ഭാഗങ്ങളിൽ റോഡിന്റെ പല ഭാഗത്തും ഇത്തരത്തിൽ ഞാവൽപഴം വിൽക്കുന്നവരെ കാണാം. ചെറിയ ചവർപ്പും മധുരവുമുള്ള ഈ പഴം ഉപ്പ് ചേർത്ത് കഴിക്കുവാനും ഏറെ രുചിയാണ്. കൂടാതെ പ്രമേഹത്തിന് നല്ലൊരു മരുന്ന് കൂടിയാണ് ഈ പഴം.
ഗർഭിണികളും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ രക്തം വർധിക്കുവാനും നല്ല ഔഷധമാണ് ഞാവൽപഴം. ഞാവലിന്റെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ഒരുപാട് അസുഖങ്ങൾക്കുള്ള മരുന്നായാണ്. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറഞ്ഞാലും അതിനുള്ള പരിഹാരമാണ് ഞാവൽപഴം കഴിക്കുന്നത്.
എന്നാൽ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ഞാവൽപഴം കേരളത്തിൽ ഉണ്ടായതല്ല. ആന്ധ്ര. തമിഴ്നാട്, ഗോവ, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും എത്തിച്ച ഞാവൽപഴമാണ് ഇപ്പോൾ കേരളത്തിലെ വിപണിയിൽ സുലഭമായി ലഭിക്കുന്നത്. ഇതാണെങ്കിൽ കാഴ്ച്ചക്ക് നല്ല നിറവും വലുപ്പവുമുള്ളതുമാണ് അതും വാങ്ങുന്നവർക്ക് ആകർഷണീയത ഉണ്ടാക്കുന്നുണ്ടെന്നാണ് കുറ്റിപ്പുറം തൃശൂർ റോഡിൽ ഞാവൽപഴം വില്പനക്കെത്തിയ മൂടാൽ സ്വദേശി ഇബ്രാഹിമിന്റെ അഭിപ്രായം.
ഓരോ ദിവസവും ഒരുപാട് ദൂരം യാത്ര ചെയ്താണ് വില്പന നടത്തുന്നതെന്നും ഒരു ദിവസം 35 കിലോയോളം ഞാവൽപഴം കച്ചവടം നടക്കുന്നുണ്ടെന്നും ഇബ്രാഹിം പറഞ്ഞു. രാവിലെ പുലർച്ചെ എത്തുന്ന പഴം മലപ്പുറം, മഞ്ചേരി, തിരൂർ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ചു യാത്ര ചെയ്താണ് കുറ്റിപ്പുറം ഭാഗത്ത് കച്ചവടം നടത്തുന്നത്. തമിഴ്നാട്, കർണ്ണാടക, ഗോവ നിന്നും എത്തുന്ന ഞാവൽപഴം കേട്കൂടാതെ രണ്ട് ദിവസം വരെ ഇരിക്കുമെന്നും അവധി ദിവസങ്ങളിൽ 50 കിലോ വരെ കച്ചവടം നടക്കുന്നുണ്ടെന്നും ഇബ്രാഹിം പറഞ്ഞു. എങ്കിലും ആളുകൾ കൂടുതൽ ചോദിച്ചു വരുന്നത് കേരള ഞാവൽ പഴം തന്നെയാണെന്നും അത് വയനാട് ഭാഗത്ത് നിന്ന് വരാൻ ആകുന്നതേയുള്ളൂവെന്നും ഇബ്രാഹിം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |