മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്റെ കൈയിൽ പണമില്ലാത്തതിനാൽ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ വീഡിയോയുമായി പി.വി. അൻവർ.
എത്രയോ കോടി രൂപയുടെ സ്വത്ത് തനിക്കുണ്ട്. പക്ഷേ, ഒരു സെന്റ് ഭൂമി പോലും വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. എല്ലാം മിച്ചഭൂമിയെന്ന് പറഞ്ഞ് കേസെടുത്തതിനാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. മത്സരിക്കാൻ ഉദ്ദേശിക്കാത്തതിനാൽ തിരഞ്ഞെടുപ്പിനുള്ള മുൻകരുതലുകൾ നടത്തിയിരുന്നില്ല. നിലമ്പൂരിലെ വോട്ടർമാർ മാനസിക പിന്തുണയെന്ന നിലയിൽ പത്ത് രൂപ അതല്ലെങ്കിൽ ഒരു രൂപയെങ്കിലും തനിക്ക് നൽകണം. പണത്തിന് വേണ്ടിയല്ല, തന്റെ സമാധാനത്തിന് വേണ്ടിയാണ്. തന്നെ സഹായിക്കാൻ വേണ്ടി പണമയച്ചാൽ അത് മറ്റുള്ളവർ അറിയുമോ എന്ന ഭയത്താൽ ആരും അയക്കാതിരിക്കരുത്. കൃത്യമായും അതിന്റെ രഹസ്യാത്മകത സൂക്ഷിക്കും. തന്നെ ഒറ്റപ്പെടുത്തരുത്. അപ്പുറത്തുള്ളവർ മത്സരിക്കുന്നത് എം.എൽ.എയാവാൻ വേണ്ടിയാണ്. ടി.പി. ചന്ദ്രശേഖരനെ പോലെ തന്നെയും നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തുന്നതിൽ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്വം വോട്ടർമാരെ ഏൽപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു.
തന്റെ കൈയിൽ പണമില്ലെന്ന് പത്രികാ സമർപ്പണത്തിന് മുമ്പും അൻവർ പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാർത്ഥികളിൽ ധനാഢ്യൻ പി.വി. അൻവർ തന്നെയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. അൻവറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കൾ. രണ്ടു ഭാര്യമാർക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അൻവറിന്റെ കൈയിൽ പണമായി 25,000 രൂപയും ഭാര്യമാരുടെ കൈയിൽ 20,000 രൂപയുമാണുള്ളത്. 2,13,60,000 രൂപ വിലമതിക്കുന്ന 2,400 ഗ്രാം സ്വർണം ഭാര്യമാർക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വർണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതിൽ 3,59,74,660 രൂപ കിട്ടാനുള്ളതാണ്. 20,60,10,471 രൂപയുടെ ബാദ്ധ്യതയാണ് അൻവറിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |