തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ സോളാർ പ്ളാന്റ് നിർബന്ധമാക്കിയേക്കും. 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകൾക്കായിരിക്കുമിത്. വിസ്തൃതി ഇതിന് താഴെയാണെങ്കിലും പുതിയ വീടുകളിൽ പ്രതിമാസം 5000 രൂപയിലധികം വൈദ്യുതി ബില്ല് വന്നാലും പ്ളാന്റ് വേണമെന്ന വ്യവസ്ഥയും കൊണ്ടുവന്നേക്കും. ഇതിലൂടെ പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദനം മൂന്നിരട്ടിയാക്കി വർദ്ധിപ്പിക്കാമെന്നാണ് പ്രതീക്ഷ.
2025ലെ കരട് വൈദ്യുതി നയത്തിലെ ശുപാർശയാണിത്. തദ്ദേശ തിരഞ്ഞടുപ്പിനു ശേഷം തീരുമാനം ഉണ്ടായേക്കും. ഇതിനായി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടിവരും. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയിച്ച പദ്ധതിയാണിത്.
റസിഡന്റ്സ് അസോസിയേഷനുകൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ എന്നിവയ്ക്ക് കൂട്ടായും പ്ളാന്റ് സ്ഥാപിക്കാം. ഒഴിഞ്ഞ സ്ഥലങ്ങൾ കൂട്ടം ചേർന്ന് വാങ്ങിയോ, ലീസിനെടുത്തോ പ്ളാന്റ് സ്ഥാപിച്ച് വീടുകളിലേക്ക് ഉപയോഗിക്കുന്ന സംവിധാനവും ഏർപ്പെടുത്താം. ഒാരോ വീടിനും സോളാർ പ്ളാന്റ് വേണമെന്നതിൽ ഇളവ് നൽകിയാകും ഈ വ്യവസ്ഥ കൊണ്ടുവരിക.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ച 2025-26 വർഷത്തെ പുനരുപയോഗ ഉൗർജ നിയന്ത്രണ ചട്ടങ്ങളിലും ഇതിന് അനുസൃതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പുകൾ അടുത്ത മാസങ്ങളിൽ നടക്കും.
അധിക ബാദ്ധ്യത വരില്ല
1.വീടുകളിൽ സോളാർ പ്ളാന്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയും വായ്പാ സൗകര്യവുമുണ്ട്
2.അതിനാൽ, മൂന്നുമുതൽ അഞ്ച് കിലോവാട്ട് വരെയുള്ള പ്ളാന്റ് സ്ഥാപിക്കുന്നത് ജനങ്ങൾക്ക് വലിയ ബാദ്ധ്യതയാകില്ലെന്ന് വിലയിരുത്തൽ
വീടുകളിൽ ഇ.വി ചാർജിംഗ്
സംവിധാനവും വേണം
വീടുകളിൽ പ്രത്യേകം ഇ-വെഹിക്കിൾ ചാർജിംഗ് സംവിധാനം ഒരുക്കണമെന്ന നിബന്ധനയും കൊണ്ടുവന്നേക്കും. വൈദ്യുതി വാഹനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. പലരും നിലവിലെ വൈദ്യുതി കണക്ഷനിൽ നിന്നാണ് ചാർജ് ചെയ്യുന്നത്. ഇത് ട്രാൻസ്ഫോർമർ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വോൾട്ടേജ് ഏറ്റക്കുറച്ചിലിനും ഇടയാക്കുന്നു. അതിനാൽ, കൂടുതൽ വൈദ്യുതി ലോഡുള്ള സംവിധാനം വീടിന്റെ വൈദ്യുതി ഉപഭോഗത്തിന് അനുസൃതമായി സ്ഥാപിക്കണമെന്നാണ് ശുപാർശ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |