ന്യൂഡൽഹി: ബിജെപി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്‌റ്റ്‌ലിയുടെ അറിവോടെയാണ് 2016ൽ ഇന്ത്യവിട്ടതെന്ന് കിംഗ്ഫിഷർ എയർലൈൻസിന്റെ മുൻ ഉടമയായ വിജയ് മല്യ. ഈ പ്രസ്താവന വലിയ വിവാദമാകുകയും കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിയുകയും ചെയ്തു. 'നരേന്ദറു'ടെ സംവിധാനമൊന്നാകെ അടിയറവു പറയുന്നവരുടേതായെന്ന് കോൺഗ്രസ് പാർട്ടി വക്താവ് പവൻ ഖേര പരിഹസിച്ചു.
'നരേന്ദ്ര മോദി, അല്ല സറണ്ടർ മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്റെ ചുവടുപിടിച്ചാണ് ഖേരയുടെ വിമർശനം. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് അന്നത്തെ ധനമന്ത്രിയുടെ അറിവോടെയാണ് രാജ്യം വിട്ടതെന്ന് മല്യ അവകാശപ്പെട്ടത്. മോദി സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് ഈ തുറന്നുപറച്ചിൽ എന്ന് വ്യക്തമാക്കി കോൺഗ്രസ് ഈ വീഡിയോ പങ്കുവച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ് ജയ്‌റ്റ്‌ലിയോട് പറഞ്ഞിരുന്നുവെന്നും തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പറന്നുവെന്നുമാണ് മല്യ വീഡിയോയിൽ പറയുന്നത്.
രാജ് ഷമാനിയുമായുള്ള നാല് മണിക്കൂർ നീണ്ട പോഡ്കാസ്റ്റ് എപ്പിസോഡിലാണ് അദ്ദേഹം സംസാരിച്ചത്. 2013 ന് ശേഷം ആദ്യമായാണ് മല്യ പരസ്യമായി സംസാരിക്കുന്നത്. എയർലൈനിന്റെ തകർച്ചയെക്കുറിച്ച് സംസാരിക്കുകയും കുടിശികകൾ തീർക്കണമെന്ന ആഗ്രഹം പങ്കുവയ്ക്കുകയും ചെയ്തു.
കിംഗ്ഫിഷർ വിമാന കമ്പനിക്ക് ഇന്ത്യയിലെ ബാങ്കുകൾ നൽകിയ 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതിന് മല്യ നിയമനടപടി നേരിടുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ ബാങ്കുകൾ 6,200 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് മല്യയുടെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയെ അറിയിച്ചു. 14,000 കോടി രൂപ തിരിച്ചുപിടിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ മല്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |