മുംബയ്: പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മുംബയിലെ ഇൻസ്റ്റിട്യൂട്ട് ഒഫ് കെമിക്കൽ ടെക്‌നോളജിക്കാണ് (ഐസിടി) ധനസഹായം നൽകുന്നത്. ഐസിടിയിലെ മുൻ അദ്ധ്യാപകനായ പ്രൊഫസർ എംഎം ശർമ്മയുടെ ജീവചരിത്രമായ 'ഡിവൈൻ സയന്റിസ്റ്റ്' എന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കവേയാണ് പ്രഖ്യാപനം.
യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് ഒഫ് കെമിക്കൽ ടെക്‌നോളജി (യുഡിസിടി) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഐസിടിയിൽ നിന്നാണ് 1970കളിൽ മുകേഷ് അംബാനി ബിരുദം നേടിയത്. പുസ്‌തക പ്രകാശനച്ചടങ്ങിനുശേഷം മൂന്ന് മണിക്കൂറിലധികം സമയം ഐസിടിയിൽ അദ്ദേഹം ചെലവഴിക്കുകയും ചെയ്തു. തന്റെ ജീവിതത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ ഒന്നാണ് പ്രൊഫസർ ശർമയുടെ ക്ളാസുകളെന്ന് മുകേഷ് അംബാനി ചടങ്ങിൽ പറഞ്ഞു.
'എന്റെ അച്ഛൻ ധീരുഭായ് അംബാനിയെപ്പോലെ പ്രൊഫസർ ശർമ്മയ്ക്കും ഇന്ത്യൻ വ്യവസായത്തെ പരിവർത്തനം ചെയ്യാനുള്ള തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യൻ വ്യവസായത്തെ ആഗോള നേതൃത്വത്തിലേയ്ക്ക് നയിക്കുന്നതിനാണ് അവരെല്ലാം തുടക്കം കുറിച്ചത്. ശാസ്‌ത്രം, സാങ്കേതിക വിദ്യ, സ്വകാര്യ സംരംഭം എന്നിവയ്ക്ക് രാജ്യത്തെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കാനാകുമെന്നാണ് ഈ രണ്ട് ദീർഘദർശികളും വിശ്വസിച്ചത്.
ലൈസൻസ് പെർമിറ്റ് രാജ് ഇല്ലാതാക്കാനും ഇന്ത്യൻ വ്യവസായത്തെ വളർത്താനും ആഗോള തലത്തിൽ മത്സരിക്കാനും കഴിഞ്ഞതിന്റെ ബഹുമതി പ്രൊഫസർക്കുള്ളതാണ്. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് 151 കോടി രൂപയുടെ ധനസഹായം നൽകുന്നത്. മുകേഷ്, നീ ഐസിടിക്കുവേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, ഇതാണ് അദ്ദേഹത്തിനുള്ള എന്റെ ഗുരുദക്ഷിണ'- മുകേഷ് അംബാനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |