തിരുവനന്തപുരം: വായ്ക്കുരവകളും നാമജപങ്ങളും നിറഞ്ഞു.. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 275 വർഷങ്ങൾക്കുശേഷം നടന്ന മഹാകുംഭാഭിഷേകം ഭക്തിസാന്ദ്രമായി. നവരനെല്ല് നിറച്ച മൂന്ന് സ്വർണത്താഴികക്കുടങ്ങൾ ശ്രീകോവിലിലും ഒരെണ്ണം ഒറ്റക്കൽ മണ്ഡപത്തിലും പ്രതിഷ്ഠിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവ് 1750ൽ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയശേഷം നടന്ന മഹാകുംഭാഭിഷേകമാണിത്.
ശ്രീകോവിലിന് മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം, വിഷ്വക്സേന വിഗ്രഹത്തിന്റെ പുന:പ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം എന്നിവയാണ് നടന്നത്. ആയിരക്കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. 25 പറ നവര നെല്ല് വീതമാണ് ഓരോ താഴികക്കുടത്തിലും നിറച്ചത്. പ്രളയം, ഭക്ഷ്യക്ഷാമം എന്നിവയുണ്ടായാൽ അടുത്ത തലമുറയ്ക്കു വിത്തായി ഉപയോഗിക്കാമെന്ന സങ്കല്പത്തിലാണ് ഇങ്ങനെ നിക്ഷേപിക്കുന്നത്. നമസ്‌കാര മണ്ഡപത്തിന് സമീപത്ത് 100ഓളം സ്വർണക്കലശങ്ങളിലാണ് പൂജ നടത്തിയത്.
ഇന്നലെ രാവിലെ 7.40ന് തരണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധകലശത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. രാവിലെ ഏഴിന് ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ്മ ചെമ്പകത്തിൻമൂട്ടിൽ നിന്നും ശീവേലിപ്പുര വഴി തിരുവമ്പാടിയിലെത്തി. ശേഷം അഷ്ടബന്ധകലശം തുടങ്ങി.
തുടർന്ന് ശ്രീകോവിലിന് സമീപമുള്ള വിഷ്വക്‌സേന ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ. തരണനല്ലൂർ എൻ.ആർ.പ്രദീപ് നമ്പൂതിരിപ്പാടായിരുന്നു മുഖ്യകാർമ്മികൻ. 300 വർഷം പഴക്കമുള്ള വിഷ്വക്‌സേന വിഗ്രഹമാണ് പുനഃപ്രതിഷ്ഠിച്ചത്. വിഷ്ണുവിന്റെ ഉപരൂപമായ വിഷ്വക്‌സേനൻ പദ്മനാഭസ്വാമിയുടെ സ്വത്തിന്റെ കാവൽക്കാരനാണെന്നാണ് വിശ്വാസം. മഹാകുംഭാഭിഷേക ചടങ്ങുകൾക്ക് തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനായി. തരണനല്ലൂർ എൻ.ആർ.പ്രദീപ് നമ്പൂതിരിപ്പാട്, തരണനല്ലൂർ പദ്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികരായി. തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ.
സാക്ഷിയായി ഗവർണറും രാജ കുടുംബാംഗങ്ങളും
ഗവർണർ രാജേന്ദ്ര ആർലേക്കർ, രാജസ്ഥാൻ വ്യവസായമന്ത്രി കെ.കെ.വിഷ്‌ണോയ്, ഭരണസമിതി ചെയർമാനായ ജില്ലാ ജഡ്ജി കെ.പി.അനിൽകുമാർ, അംഗങ്ങളായ ആദിത്യവർമ്മ, എ.വേലപ്പൻനായർ, മൂപ്പിൽ സ്വാമിയാർ ഒറവങ്കര അച്യുതഭാരതി, ഉപദേശകസമിതി ചെയർമാൻ ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻനായർ, രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതിഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ക്ഷേത്രത്തിന്റെ നാല് നടയിലും വലിയ സ്‌ക്രീനിൽ ഭക്തർക്ക് ചടങ്ങുകൾ വീക്ഷിക്കാനും പ്രത്യേകം സൗകര്യമൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |