തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കുവച്ച വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തിൽ തങ്ങളെ പഴിക്കരുതെന്നും നടന്നത് വൈദ്യുതി മോഷണമാണെന്നും കെ.എസ്.ഇ.ബി. ഒരു സ്വകാര്യവ്യക്തി ചെയ്ത നിയമലംഘനത്തിന് ബോർഡിനെ പഴിക്കുന്നത് അപലപനീയമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ കെ.എസ്.ഇ.ബി വ്യക്തമാക്കി.
അപകടം നടന്ന സ്ഥലത്ത് രാത്രിതന്നെ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നതും സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുന്നതുമായ വീഡിയോയും പങ്കുവച്ചു. ദാരുണ സംഭവമുണ്ടായ നിലമ്പൂർ വഴിക്കടവിൽ കെ.എസ്.ഇ.ബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് അനധികൃതമായി നേരിട്ട് വയർ ഉപയോഗിച്ചും, ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു.
തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെ.എസ്.ഇ.ബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്.
3 വർഷം വരെ തടവ്
കിട്ടാവുന്ന കുറ്റം
വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി നിയമം ഭാഗം 14 വകുപ്പ് 135 (1) (ഇ) പ്രകാരം നിയമവിരുദ്ധവും 3 വർഷംവരെ തടവും, പിഴയും, രണ്ടുംകൂടിയോ ചുമത്താവുന്ന കുറ്റമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |