ഇടുക്കി: നായയെ ഓടിച്ചു പതിനഞ്ചടി താഴ്ചയുള്ള കുഴിയിൽ വീണ കടുവ അതിനെ ഒന്നു തൊടുകപോലും ചെയ്യാതെ ഒപ്പം കഴിച്ചുകൂട്ടിയത് 10 മണിക്കൂർ. മുകളിൽ ഇരുമ്പുഗേറ്റും വലയുമിട്ട് മൂടി വനപാലകർ വരാൻ സ്ഥലം ഉടമ കാത്തിരുന്നു.
ഇന്നലെ പുലർച്ചെ 5.30നാണ് കടുവയെ കുഴിയിൽ കണ്ടത്തിയത്. ഉച്ചകഴിഞ്ഞ് വനപാലകർ വെടിവച്ചു മയക്കി. കുഴിയിലിറങ്ങി വലയ്ക്കുള്ളിലാക്കി വലിച്ചു കയറ്റി.നായയെയും മയക്കുവെടിവച്ചാണ് പുറത്തെത്തിച്ചത്. കട്ടപ്പന മൈലാടുംപാറ കടുക്കാസിറ്റിയിലെ സണ്ണിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് ഇവ വീണത്. നായയുടെ കുര കേട്ടാണ് അറിഞ്ഞത്. നായ കടുവയെ കടിച്ചോ എന്നും സംശയിക്കുന്നു! അതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയശേഷമായിരിക്കും കടുവയെ തുറന്നുവിടുക. കേരള - തമിഴ്നാട് അതിർത്തിയിൽ വനമേഖലയോട് ചേർന്നുള്ള പ്രദേശമാണ് അണക്കര ചെല്ലാർകോവിൽമെട്ട്.
തെങ്ങിൽ ഒരു മണിക്കൂർ
കോഴിക്കോട്/ മുക്കം: തെങ്ങിൽ കമ്പി കെട്ടാൻ കയറിയ 65കാരൻ ഓല വെട്ടുന്നതിനിടെ കൈയ്ക്ക് വെട്ടേറ്റു. രക്തം വാർന്ന് തെങ്ങിന്റെ മണ്ടയിൽ കുടുങ്ങി. രക്ഷപ്പെടുത്താൻ അഗ്നിശമന സേനയെത്തി. വലകൊണ്ടുള്ള വിശാലമായ കൂടയുമായി തെങ്ങിൽ കയറി അതിൽ ഇരുത്തി താഴേക്ക് ഇറക്കിയാണ് രക്ഷപ്പെടുത്തി. ധൈര്യം ചോരാതെ 509 അടിയോളം ഉയരത്തിൽ പിടിച്ചിരിക്കുകയായിരുന്നു. ചാത്തമംഗലം നെച്ചൂളി അയോദ്ധ്യ എന്ന സ്ഥലത്ത് പടിഞ്ഞാറേവീട്ടിൽ ശ്രീകാന്തിന്റെ പറമ്പിലെ തെങ്ങിൽ കയറിയ ഇട്ടാലപ്പുറത്ത് ഗോകുലൻ നായർക്കാണ് (61) ജിവിതം തിരിച്ചു കിട്ടിയത്. മുക്കം ഫയർഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ജീവൻ
നെടുങ്കണ്ടം: മരണം ഉറപ്പായ വെള്ളച്ചാട്ടത്തിലേക്ക് വഴുതിയ യുവാവ് പാറയിൽ പിടിച്ച് ജീവനുവേണ്ടി മല്ലടിച്ചത് അരമണിക്കൂർ. സെൽഫിയെടുക്കാൻ പാറയുടെ അഗ്രഭാഗത്തേക്കു നിങ്ങവേ കാൽ വഴുതി വീഴുകയായിരുന്നു. ടൂറിസ്റ്റുകേന്ദ്രത്തിലുണ്ടായിരുന്ന സമീപവാസികളായ യുവാക്കൾ വടം കെട്ടി എറിഞ്ഞ് യുവാവിനെ അതിനുള്ളിലാക്കി വലിച്ച് ഉയർത്തുകയായിരുന്നു. വടത്തിൽ തൂങ്ങിയ യുവാവ് തന്നെ ശരീരം കെട്ടിനുള്ളിലാക്കി. അതോടെ മുകളിൽ നിന്നവർ കെട്ട് മുറുക്കി വലിച്ചു കയറ്റി. പത്തു വർഷത്തിനിടെ12 പേരുടെ ജീവനെടുത്ത പാറക്കെട്ടാണിത്. തമിഴ്നാട് മധുര സ്വദേശികളായ നാലംഗ സംഘത്തിലെ യുവാവാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 3.15 നായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |