കോഴിക്കോട്: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഈ വർഷം സംസ്ഥാനത്ത് മരിച്ചത് മൂന്നു പേർ. നിലമ്പൂർ വഴിക്കടവിൽ പത്താംക്ളാസ് വിദ്യാർത്ഥി അനന്തുവിന്റെ ഷോക്കേറ്റുള്ള ദാരുണാന്ത്യമാണ് ഒടുവിലത്തേത്. മൃഗവേട്ടക്കാരൻ വിനീഷ് വച്ച പന്നിക്കെണിയാണ് ജീവനെടുത്തത്.
കഴിഞ്ഞ ജനുവരിയിലാണ് രണ്ടു പേർ മരിച്ചത്. ഷൊർണൂരിൽ കുളത്തിൽ വീണ് മരിച്ച വൃദ്ധന്റേത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണെന്ന് പിന്നീട് തെളിഞ്ഞു. പരുത്തിപ്ര വെളുത്താങ്ങലിൽ കുഞ്ഞനാണ് മരിച്ചത്. സ്ഥലമുടമ പരുത്തിപ്ര സ്വദേശി ശങ്കരനാരായണൻ അറസ്റ്റിലായി.
ജനുവരിയിൽ ശാസ്താംകോട്ടയിൽ കർഷകതൊഴിലാളിയായ അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമനും (52) ഷോക്കേറ്റ് മരിച്ചിരുന്നു. സംഭവത്തിൽ പോരുവഴി അമ്പലത്തുംഭാഗം ദിനിൽ ഭവനിൽ ഗോപി (69), കണിയാകുഴി വീട്ടിൽ ശശി (70) എന്നിവർ അറസ്റ്റിലായി. വയലിലേക്ക് വെള്ളമൊഴുക്കാൻ കനാലിൽ ഇറങ്ങിയപ്പോഴാണ് കഴിഞ്ഞ നവംബറിൽ പാലക്കാട് കഞ്ചിക്കോട് സ്വദേശി മോഹനനും മകൻ അനിരുദ്ധും മരിച്ചത്. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പുലിയും കടുവയും ആനയുമുൾപ്പെടെയുള്ള നിരവധി മൃഗങ്ങളും ചാകുന്നുണ്ട്.
അനധികൃത വെെദ്യുതിയെടുക്കൽ
ഇലക്ട്രിക് ലെെനിൽ നിന്ന് അനധികൃതമായാണ് കെണിയിലേക്ക് വെെദ്യുതി കടത്തിവിടുന്നത്. ചിലർ കൃഷിസ്ഥലത്തിലെ കമ്പിവേലിയിലും ഇത്തരത്തിൽ വെെദ്യുതി കടത്തിവിടുന്നു. പന്നിശല്യത്തിന്റെ പേരിൽ ബോധപൂർവം മറ്റു മൃഗങ്ങൾക്കും ചിലർ കെണി വയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |