വിതുര: തിരക്കേറിയ പാലോട് വിതുര റോഡിൽ വിതുര കലുങ്ക് ജംഗ്ഷനിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ട് മാസമാകുന്നു. റോഡിന് കുറുകെയാണ് വെള്ളം ഒഴുകുന്നത്. ഇതുമൂലം കാൽനടയാത്രികർക്ക് ചെളിയഭിഷേകവും ഏൽക്കേണ്ടിവരുന്നു. ആയിരക്കണക്കിന് ലിറ്റർ വെള്ളം നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മൂന്ന് മാസം മുൻപാണ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞമാസം നന്നാക്കിയെങ്കിലും വീണ്ടും പൊട്ടി. അതിനാൽ മേഖലയിൽ ജലവിതരണം തടസപ്പെടുന്നതായും പരാതിയുണ്ട്.നിലവിൽ മഴ പെയ്യുന്നുണ്ടെങ്കിലും കുടിവെള്ളപ്രശ്നം നിലനിൽക്കുകയാണ്. കലുങ്ക് ജംഗ്ഷൻ മേഖലയിൽ പൈപ്പ് പൊട്ടൽ തുടർക്കഥയായിട്ട് മാസങ്ങളേറെയായി. നേരത്തേ രണ്ടുതവണ ഇവിടെ പൈപ്പ് പൊട്ടി കുടിവെള്ളവിതരണം നിലയ്ക്കുകയും കച്ചവടസ്ഥാപനങ്ങൾ അടയ്ക്കേണ്ടിയും വന്നിട്ടുണ്ട്. വിതുര പഞ്ചായത്തിന്റെ ഹൃദയഭാഗം കൂടിയാണ് കലുങ്ക് ജംഗ്ഷൻ. നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും, പത്തോളം ധനകാര്യസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തൊട്ടടുത്താണ് വിതുര ഗവൺമെന്റ് ഹൈസ്കൂളും യു.പി.എസും ഗവൺമെന്റ് താലൂക്കാശുപത്രിയും. സ്കൂളുകളിൽ നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
മഴയുണ്ടെങ്കിലും ജലക്ഷാമം നിലവിൽ
മഴ പെയ്യുന്നുണ്ടെങ്കിലും മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പുകളിലൂടെയാണ് ഇപ്പോഴും കുടിവെള്ള വിതരണം. കേടാകുന്ന പൈപ്പുകൾ ഒരിടത്ത് നന്നാക്കുമ്പോൾ അടുത്തഭാഗം പൊട്ടുകയാണ് പതിവ്. ഇതുസംബന്ധിച്ച് നാട്ടുകാർ അനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്.
വിതുര കലുങ്ക് ജംഗ്ഷനിൽ പൊട്ടി ഒഴുകുന്ന പൈപ്പ് ലൈൻ നന്നാക്കണം. പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാ
കമ്മിറ്റി ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |