ചെറിയ ഉള്ളി- 90 രൂപ
വെളുത്തുള്ളി 180 രൂപ
ഉരുളക്കിഴങ്ങ് 60 രൂപ
അമര 110 രൂപ
പയർ 70 രൂപ
പച്ചമുളക് 100 രൂപ
പാലക്കാട്: പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളി കിലോയ്ക്ക് 90 രൂപ, സെഞ്ചുറിയടിച്ച് അവരയ്ക്കയും പച്ചമുളകും. ഇടവേളയ്ക്ക് ശേഷം വെളുത്തുള്ളി 180 രൂപയായി ഉയർന്നു. വലിയ ഉള്ളിക്കും തക്കാളിക്കും മാത്രമാണ് വിപണിയിൽ അല്പം വിലക്കുറവുള്ളത്.
ഇതോടെ അടുക്കള ബഡ്ജറ്റ് താളംതെറ്റുമെന്ന ആശങ്കയിലാണ് ജനം. തമിഴ്നാട്ടിൽ പെയ്ത ശക്തമായ മഴയാണ് പച്ചക്കറി വില വർദ്ധിക്കാൻ കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. ഇതോടൊപ്പം പ്രാദേശിക പച്ചക്കറി ഉത്പാദനത്തിലെ കുറവും വില ഉയരാൻ കാരണമായിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കകം പല ഇനങ്ങൾക്കും 10 മുതൽ 20 രൂപവരം വില ഉയർന്നേക്കാമെന്നും കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് വലിയ അങ്ങാടിയിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 90 രൂപ, ചേന (90), അമര (110), പാവയ്ക്കയും ക്യാപ്‌സിക്കത്തിനും കിലോയ്ക്ക് 80 രൂപ, ബീറ്റ്‌റൂട്ട്, കാരറ്റ്, പയർ 70 രൂപ, പച്ചമുളകിനും മുരിങ്ങക്കായക്കും 100 രൂപ, വെണ്ട, കൊത്തമര, ഉരുളക്കിഴങ്ങ് 60 രൂപ, വഴുതന 45, നാടൻ വഴുതന 60 എന്നിങ്ങനെയാണ് വിപണിയിലെ വില.
കഴിഞ്ഞ വർഷം ഇതേസമയത്ത് 250 രൂപയോളമുണ്ടായിരുന്ന ബീൻസിന് ഇപ്പോൾ 150 രൂപയാണ് വില. വലിയ ഉള്ളിക്ക് 35 രൂപയും തക്കാളിക്ക് 30 രൂപയും. ഇളവൻ, മത്തൻ, പടവലം, ചുരക്ക എന്നിവയ്ക്ക് 35 -40 രൂപയാണ് വിലയുള്ളത്. മാസങ്ങളായി 400 രൂപയുണ്ടായിരുന്ന വെളുത്തുള്ളിക്ക് 100 രൂപയായി കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ 180 രൂപയായിട്ടുണ്ട്. ഇഞ്ചിക്ക് 80 രൂപയും മല്ലിത്തഴയ്ക്ക് 120 രൂപയും പുതീനയ്ക്ക് 100 രൂപയുമാണ് വില.
തേങ്ങ@70
പച്ചക്കറിക്ക് പുറമേ നാളികേര വിലയും തെങ്ങോളം ഉയരത്തിലാണ്. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോൾ 70 രൂപയായി. സാധാരണ വിഷുകഴിയുന്നതോടെ വില കുറയുന്ന പച്ചക്കറിക്ക് ഓണത്തോടനുബന്ധിച്ചാണ് അല്പം വിലകൂടാറുള്ളത്. നിലവിൽ പച്ചക്കറി വില വർദ്ധിക്കുന്നത് വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |