ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാലിന്റെ പിൻഗാമിയാകാൻ കാർലോസ് അൽക്കാരസ്
ഇത്തവണ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെയാണ് റൊളാംഗ് ഗാരോസിലെ കളിമൺ കോർട്ടിൽ റാഫേൽ നദാലിന്റെ പാദമുദ്രകൾ ആലേഖനം ചെയ്‌തത്. 14 തവണ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടമുയർത്തിയ നദാൽ 2022ലാണ് ഇവിടെ അവസാനമായി ചാമ്പ്യനായത്. അപ്പോഴേക്കും നദാലിന്റെ നാടായ സ്പെയ്നിൽ നിന്ന് മറ്റൊരു യുവതാരകം ഉദിച്ചുയർന്നിരുന്നു;കാർലോസ് അൽക്കാരസ്. നദാൽ നിറുത്തിയേടത്തുനിന്ന് സ്പാനിഷ് വെന്നിക്കൊടി പാറിക്കുവാനുള്ള ചുമതല കാർലോസ് ഏറ്റെടുത്തു. കഴിഞ്ഞരാത്രി ഇതിഹാസ ഫൈനലിൽ ലോക ഒന്നാം നമ്പർ ഇറ്റലിക്കാരൻ യാന്നിക്ക് സിന്നറെ കീഴടക്കി ഫ്രഞ്ച് ഓപ്പൺ കിരീടമുയർത്തിയത് കാർലോസ് അൽക്കാരസിന്റെ അവകാശപ്രഖ്യാപനമായിരുന്നു. 22വയസിനുള്ളിൽ അഞ്ചാം ഗ്രാൻസ്ളാം കിരീടത്തിൽ മുത്തമിട്ടാണ് താൻ തന്നെ റാഫയുടെ പിന്തുടർച്ചാവകാശിയെന്ന് കാർലോസ് പ്രഖ്യാപിച്ചിരിക്കുന്നത്.
5 മണിക്കൂർ 29 മിനിട്ട് ഫൈനൽ
ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണ് കഴിഞ്ഞരാത്രി കാർലോസും സിന്നറും തമ്മിൽ നടന്നത്. അഞ്ചുമണിക്കൂറും 29 മിനിട്ടുമാണ് മത്സരം നീണ്ടത്. മൂന്ന് തവണ ഗെയിംപോയിന്റ് സേവ് ചെയ്താണ് കാർലോസ് വിജയം നേടിയതെന്ന് മത്സരത്തിന്റെ കാഠിന്യവും പോരാട്ടവീര്യവും വ്യക്തമാക്കുന്നു .4-6,6-7(4/7), 6-4,7-6(7/3),7-6(10/2)എന്ന സ്കോറിനാണ് കാർലോസ് സിന്നറെ തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകൾ കൈവിട്ടശേഷം തിരിച്ചടിച്ചാണ് കാർലോസ് തന്റെ അഞ്ചാം ഗ്രാൻസ്ളാം കിരീടം നേടിയത്.
കാര്യമായ വെല്ലുവിളി ഇല്ലാതെയാണ് സിന്നർ ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റുമുതൽ കാർലോസ് ചെറുത്തുനിൽപ്പ് തുടങ്ങി. സിന്നർക്ക് രണ്ടാം സെറ്റ് നേടാൻ ടൈബ്രേക്കർ കടക്കേണ്ടിവന്നു. മത്സരം മൂന്നാം സെറ്റിലേക്ക് കടക്കുമ്പോൾ സിന്നറുടെ വിജയമാണ് ഏവരും പ്രതീക്ഷിച്ചത്. പക്ഷേ സിന്നറുടെ സർവ് ബ്രേക്ക് ചെയ്‌ത് മത്സരത്തിലേക്ക് തിരിച്ചുവന്ന കാർലോസ് പിന്നീട് പുറത്തെടുത്ത പ്രകടനമാണ് മത്സരത്തിന്റെ ഓരോ ഇഞ്ചും ആവേശകരമാക്കിയത്. നാലാം സെറ്റിലും അഞ്ചാം സെറ്റിലുമൊക്കെ ആരു ജയിക്കുമെന്ന് ഒരിക്കലും പറയാൻ പറ്റാത്ത രീതിയിലുള്ള മത്സരമാണ് നടന്നത്. പിടിവിട്ടുപോയപ്പോഴോക്കെ തിരിച്ചുവന്ന സിന്നറും ഒട്ടും വിട്ടുകൊടുക്കാതെ പൊരുതിയ കാർലോസും ചേർന്ന് മണിക്കൂറുകൾ ടെന്നിസ് ആരാധകരെ മുൾ മുനയിൽ നിറുത്തിയെന്ന് തന്നെ പറയണം. ഡ്യൂസും അഡ്വാന്റേജുമൊക്കെ മാറിമറിഞ്ഞാണ് അവസാന രണ്ട് സെറ്റുകളും ടൈബ്രേക്കറിലേക്ക് എത്തിയത്. അഞ്ചാം സെറ്റിലെ വിജയിയെ നിശ്ചയിക്കാനുള്ള 10 പോയിന്റിന്റെ സൂപ്പർ ടൈബ്രേക്കറിൽ മാത്രമാണ് സിന്നർ പിന്നാക്കം പോയത്. അതോടെ കിരീടം വീണ്ടും കാർലോസിന്റെ കാൽച്ചുവട്ടിലെത്തുകയും ചെയ്തു.
പുതുതലമുറയുടെ വീര്യം
റോജർ ഫെഡററും റാഫേൽ നദാലും കളമൊഴിയുകയും നൊവാക്ക് ജോക്കോവിച്ച് വിരമിക്കലിന്റെ വക്കത്തെത്തിനിൽക്കുകയും ചെയ്യുന്ന വേളയിൽ പുരുഷ ടെന്നിസിന്റെ സുവർണകാലഘട്ടം അവസാനിക്കുകയാണോ എന്ന ആശങ്കകൾക്കും അറുതി വരുത്തിയിരിക്കുകയാണ് കാർലോസും സിന്നറും. ഈ ഫൈനലിൽ ഇവർ നിറച്ച ആവേശം ഇനിയുള്ള കാലത്തും തുടർന്നാൽ മറ്റൊരു സുവർണ കാലഘത്തിന്റെ വാതിൽ തുറക്കപ്പെടും.
കോർട്ടിന് പുറത്തെ
കൂട്ടുകാർ
കോർട്ടിനകത്ത് എതിരാളികളാണെങ്കിലും പുറത്ത് നല്ല സുഹൃത്തുക്കളാണ് കാർലോസും സിന്നറും. നദാലും ഫെഡററും തമ്മിൽ നിലനിറുത്തിപ്പോന്ന സ്നേഹവും ബഹുമാനവും കാർലോസിനും സിന്നറിനുമിടയിലുണ്ട്. ഫ്രഞ്ച് ഓപ്പണിന് ശേഷം ഇരുവരും ഒരേ സ്ഥലത്തേക്കാണ് വിനോദയാത്ര നിശ്ചയിച്ചിരിക്കുന്നത്.
കാലിൽ പച്ച കുത്തിയ
ഈഫൽ ടവർ
കാർലോസിന്റെ കാൽവണ്ണയിൽ ഈഫൽ ടവറിന്റെ ചിത്രമാണ് പച്ചകുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ നേടിയ 9-6-2024 എന്ന തീയതിയും ഈഫൽ ടവറിന്റെ താഴെയായി പച്ചകുത്തിയിട്ടുണ്ട്. ഇത്തവണ എന്താണ് പച്ച കുത്തുന്നതെന്ന പത്രക്കാരുടെ ചോദ്യത്തിന് അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നായിരുന്നു കാർലോസിന്റെ മറുപടി.
കിരീടക്കണക്കുകൾ
5
കാർലോസ് അൽക്കാരസിന്റെ കരിയറിലെ അഞ്ചാം ഗ്രാൻസ്ളാം കിരീടം. 2022ലെ യു.എസ് ഓപ്പണാണ് ആദ്യ ഗ്രാൻസ്ളാം. 2023ൽ ആദ്യ വിംബിൾഡൺ കിരീടം. 2024ൽ വിംബിൾഡണും ഫ്രഞ്ച് ഓപ്പണും. ഈ വർഷം വീണ്ടും ഫ്രഞ്ച് ഓപ്പൺ.
22
വയസിൽ നദാലും സ്വന്തമാക്കിയിരുന്നത് അഞ്ച് ഗ്രാൻസ്ളാം കിരീടങ്ങളായിരുന്നു. 2008ലെ വിംബിൾഡണായിരുന്നു നദാലിന്റെ അഞ്ചാം കിരീടം. അതിനുമുമ്പുള്ള നാലും ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളായിരുന്നു.
5 മണിക്കൂർ 53 മിനിട്ട്
നദാലും ജോക്കോവിച്ചും തമ്മിൽ നടന്ന 2012ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണ് ഗ്രാൻസ്ളാം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ. 5 മണിക്കൂർ 53 മിനിട്ടാണ് ഈ മത്സരം നീണ്ടത്.ജയിച്ചത് നൊവാക്ക്. 2008ലെ നദാലും ഫെഡററും തമ്മിലുള്ള ഇതിഹാസ വിംബിൾഡൺ ഫൈനൽ നീണ്ടത് 4 മണിക്കൂറും 48 മിനിട്ടുമാണ്. നദാലാണ് ജേതാവായത്.
കിരീടത്തിലേക്കുള്ള വഴി
ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത് ഇറ്റാലിയൻ ക്വാളിഫയർ സെപ്പിയേരിയെ.
രണ്ടാം റൗണ്ടിൽ ഹംഗേറിയൻ താരം മാരോസാനെ നാലുസെറ്റ് പോരിൽ തോൽപ്പിച്ചു.
മൂന്നാം റൗണ്ടിൽ ബോസ്നിയയുടെ ഡാമിർ സുംഹൂറിനെയും നാലുസെറ്റിൽ മറികടന്നു.
പ്രീ ക്വാർട്ടറിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെതിരെ നാലുസെറ്റുകൾ വേണ്ടിവന്നു.
ക്വാർട്ടർ ഫൈനലിൽ അമേരിക്കയുടെ ടോമി പോളിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി.
സെമിയിൽ എട്ടാം സീഡ് ഇറ്റലിക്കാരൻ മുസേറ്റി നാലാം സെറ്റിനിടെ പരിക്കേറ്റ് പിന്മാറി.
ഫൈനലിൽ അഞ്ചുസെറ്റുപോരാട്ടത്തിൽ യാന്നിക്ക് സിന്നറുടെ വെല്ലുവിളി അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |