യുവേഫ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്
ഫൈനലിൽ യൂറോ കപ്പ് ജേതാക്കളായ സ്പെയ്നിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു
രാജ്യത്തിന്റെ നായകനായി ക്രിസ്റ്റ്യാനോയുടെ മൂന്നാമത്തെ കിരീടം
തന്റെ കാലം കഴിഞ്ഞുവെന്ന് സന്ദേഹപ്പെട്ടവർക്ക് മുന്നിൽ 40-ാം വയസിൽ രാജ്യത്തിന്റെ കുപ്പായമണിഞ്ഞ് മൂന്നാമത്തെ കിരീടവും തോളിലേറ്റി പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞരാത്രി മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയത്തിൽ നടന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയ്നിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് പോർച്ചുഗൽ ചാമ്പ്യൻമാരായത്. നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. പോർച്ചുഗീസ് താരങ്ങളൊക്കെയും കിക്കുകൾ വലയിലെത്തിച്ചപ്പോൾ സ്പാനിഷ് നായകൻ അൽവാരോ മൊറാട്ട എടുത്ത നാലാമത്തെ കിക്ക് പറങ്കി ഗോളി ഡീഗോ കോസ്റ്റ് തട്ടിത്തെറുപ്പിച്ചതാണ് മത്സരത്തിന്റെ വിധികുറിച്ചത്.
മത്സരത്തിൽ രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് പോർച്ചുഗൽ തിരിച്ചെത്തി നിശ്ചിത സമയത്ത് സമനില പിടിച്ചത്.21-ാം മിനിട്ടിൽ മാർട്ടിൻ സുബിമെൻഡിയിലൂടെയാണ് സ്പെയ്ൻ ആദ്യ ഗോളടിച്ചത്. എന്നാൽ നായകന്റെ ആത്മധൈര്യത്തോടെ പതറാതെ കളിക്കാൻ ക്രിസ്റ്റ്യാനോ ആത്മവിശ്വാസം പകർന്നതോടെ അഞ്ചുമിനിട്ടിനകം തിരിച്ചടിക്കാൻ പറങ്കികൾക്ക് കഴിഞ്ഞു.22കാരനായ ന്യൂനോ മെൻഡസിലൂടെയായിരുന്നു പോർച്ചുഗലിന്റെ തിരിച്ചടി. എന്നാൽ 45-ാം മിനിട്ടിൽ മൈക്കേൽ ഒയർസബാലിലൂടെ സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ നിലവിലെ യൂറോകപ്പ് ജേതാക്കൾ 2-1ന് ലീഡ് ചെയ്തു. 61-ാം മിനിട്ടിലാണ് ക്രിസ്റ്റ്യാനോയിലൂടെ പോർച്ചുഗൽ കിരീടത്തിലേക്ക് വഴിതുറന്ന സമനിലഗോൾ നേടിയത്. തുടർന്ന് ഗോളടിക്കാനുള്ള സ്പാനിഷ് ശ്രമങ്ങളെല്ലാം തടഞ്ഞ് കളി അധികസമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീട്ടാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞു. 88-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയെ പിൻവലിച്ച് ബ്രൂണോ ഫെർണാണ്ടസിനെ കളത്തിലിറക്കി.
ഗോളുകൾ പിറന്നത് ഇങ്ങനെ
1-0
21-ാം മിനിട്ട്
സുബിമെൻഡി
1-1
26-ാം മിനിട്ട്
ന്യൂനോ മെൻഡസ്
2-1
45-ാം മിനിട്ട്
ഒയർസബാൽ
2-2
61-ാം മിനിട്ട്
ക്രിസ്റ്റാനോ റൊണാൾഡോ
പെനാൽറ്റി ഷൂട്ടൗട്ടിലെ കളി
പോർച്ചുഗൽ
ഗോൺസാലോ റാമോസ്
വിറ്റീഞ്ഞ
ബ്രൂണോ ഫെർണാണ്ടസ്
ന്യൂനോ മെൻഡസ്
റൂബൻ നെവസ്
സ്പെയ്ൻ
മൈക്കേൽ മെറീനോ
അലക്സ് ബയേന
ഇസ്കോ
അൽവാരോ മൊറാട്ട
കണ്ണീരടക്കാനാവാതെ
ക്രിസ്റ്റ്യാനോ
പോർച്ചുഗലിന്റെ ചെങ്കുപ്പായമിടുമ്പോഴെല്ലാം കരുത്ത് പതിന്മടങ്ങാകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മ്യൂണിക്കിൽ റൂബൻ നെവസിന്റെ പെനാൽറ്റി കിക്ക് സ്പാനിഷ് ഗോളി ഉനേയ് സിമോണിന്റെ പ്രതിരോധം തകർത്ത് വലയിലേക്ക് കയറിയ നിമിഷം പൊട്ടിക്കരഞ്ഞുപോയി. മത്സരസമയത്ത് തന്റെ ടീം പിന്നിലായപ്പോൾ ആരുടെയും ആത്മവിശ്വാസം ചോരാൻ അനുവദിക്കാതെ പ്രചോദിപ്പിച്ചുകൊണ്ടിരുന്ന ക്രിസ്റ്റ്യാനോ ഷൂട്ടൗട്ടിലുടനീളം സമ്മർദ്ദത്തിലായിരുന്നു. കൈകൾ കൂട്ടിപ്പിടിച്ച് പ്രാർത്ഥിക്കുകയും തന്റെ കൂട്ടുകാർ കിക്കെടുമ്പോൾ കാണാൻ ശക്തിയില്ലാതെ സഹതാരത്തിന്റെ ചുമലിന് പിന്നിൽ മുഖമൊളിപ്പിക്കുകയും ചെയ്ത താരം കിരീടം നേടിയ നിമിഷം കരഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ മുഖമമർത്തിക്കിടന്നു. അൽപ്പനേരത്തിന് ശേഷമാണ് എഴുന്നേൽക്കാനായത്. പിന്നീട് സഹതാരങ്ങളെയും പരിശീലകരെയും ഓരോരുത്തരെയായി ആശ്ളേഷിച്ച് സന്തോഷം പങ്കിടുമ്പോഴും കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. ബ്രൂണോ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ക്രിസ്റ്റ്യാനോയെ കെട്ടിപ്പിടിച്ച് കയ്യടിച്ച് ആടിപ്പാടിയാണ് പോർച്ചുഗീസ് താരങ്ങൾ വിജയം ആഘോഷിച്ചത്. കിരീടമേറ്റുവാങ്ങും മുമ്പ് സ്പാനിഷ് നായകൻ മൊറാട്ടയെ ആശ്വസിപ്പിക്കാനും ക്രിസ്റ്റ്യാനോ സമയം കണ്ടെത്തി. അതേസമയം തലമുറകളുടെ പോരാട്ടമെന്ന നിലയിൽ ഈ ഫൈനലിനെ വിശേഷിപ്പിക്കാൻ കാരണമായ സ്പെയ്നിന്റെ കൗമാരതാരം ലാമിൻ യമാൽ റണ്ണേഴ്സ് അപ്പ് മെഡൽ ഏറ്റുവാങ്ങാൻ എത്തിയപ്പോൾ ക്രിസ്റ്റ്യാനോ കരങ്ങൾ നീട്ടിയെങ്കിലും വലിയ താത്പര്യം കാട്ടിയില്ല.
40-ാം വയസിലും
ഗോളടിയിൽ കുറവില്ല
യൂറോപ്യൻ ക്ളബ് ഫുട്ബാൾ വിട്ട് സൗദി ലീഗിലേക്ക് കൂടുമാറിയെങ്കിലും അൽ നസ്റിനെ ഒരു കിരീടത്തിലും മുത്തമിടീക്കാൻ കഴിയാതിരുന്നത് ക്രിസ്റ്റ്യാനോയുടെ ആരാധകർക്ക് സങ്കടമായിരുന്നു. എന്നാൽ പോർച്ചുഗീസ് ദേശീയ ടീമിനുവേണ്ടി ഇറങ്ങുമ്പോഴൊക്കെയും താൻ പഴയ ക്രിസ്റ്റ്യാനോതന്നെയെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു. നേഷൻസ് ലീഗിൽ ഫൈനലിൽ മാത്രമല്ല സെമിയിൽ ജർമ്മനിക്കെതിരെയും ക്വാർട്ടറിൽ ഡെന്മാർക്കിനെതിരെയും ക്രിസ്റ്റ്യാനോ സ്കോർ ചെയ്തു.
8
ഗോളുകളാണ് ഈ നേഷൻസ് ലീഗിൽ നിന്ന് ക്രിസ്റ്റ്യാനോ നേടിയത്. ഇതുവരെയുള്ള നേഷൻസ് ലീഗുകളിലെ 20 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്.
138
ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം. 221 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ ഇത്രയും ഗോളുകൾ നേടിയത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും ഗോളടിച്ച താരവും ക്രിസ്റ്റ്യാനോ തന്നെ.
3
പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ നേടിയ കിരീടങ്ങളുടെ എണ്ണം. 2016ലെ യൂറോ കപ്പ്, 2019ലെ നേഷൻസ് ലീഗ് എന്നിവയിലാണ് ഇതിന് മുമ്പുള്ള കിരീടങ്ങൾ.
പരിക്കില്ലെങ്കിൽ തുടരും
40കാരനായ ക്രിസ്റ്റ്യാനോ ദേശീയ കുപ്പായത്തിൽ ഇനി തുടരുമോ എന്ന ആരാധകരുടെ സന്ദേഹത്തിന് കിരീടമേറ്റുവാങ്ങിയശേഷം അദ്ദേഹം മറുപടി നൽകി. പരിക്കുകൾ തടസപ്പെടുത്തിയില്ലെങ്കിൽ രാജ്യത്തിനായി കളി തുടരണമെന്നാണ് ആഗ്രഹമെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. അടുത്തവർഷം നടക്കുന്ന ലോകകപ്പിൽ കളിക്കുകയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് കരുതാം.കഴിഞ്ഞ ലോകകപ്പിലും യൂറോ കപ്പിലും ക്രിസ്റ്റ്യാനോയ്ക്ക് ടീമിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |