ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള കേരളത്തിലെ ആദ്യ കമ്പനി
കൊച്ചി: ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന കേരളത്തിലെ ആദ്യ കമ്പനിയെന്ന ചരിത്ര നേട്ട കൈവരിച്ച് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്. രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില ഇന്നലെ 93.70 രൂപ ഉയർന്ന് 2,539.90 രൂപയിലെത്തിയതോടെ വിപണി മൂല്യം 1,01,967 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓഹരി വിലയാണിത്.
സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം തുക വായ്പയായി നൽകാനും സാധാരണക്കാർക്കുള്ള സ്വർണ വായ്പകൾക്ക് നിയന്ത്രണം ഒഴിവാക്കാനുമുള്ള റിസർവ് ബാങ്കിന്റെ തീരുമാനമാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരികളിൽ കുതിപ്പുണ്ടാക്കിയത്.
ഇതോടെ രാജ്യത്തെ ഏറ്റവും ഉയർന്ന വിപണി മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ മുത്തൂറ്റ് ഫിനാൻസ് 97ാം സ്ഥാനത്തെത്തി. ഇതോടെ ബജാജ് ഫിൻ സെർവ്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ചോളമണ്ഡലം തുടങ്ങിയ വമ്പൻ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ മുത്തൂറ്റ് ഫിനാൻസും ഇടം പിടിച്ചു.
ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നേടാനായതിൽ അഭിമാനമുണ്ട്. കേരളത്തിനും സ്വർണ പണയ വിപണിക്കും ലഭിച്ച അംഗീകാരമാണിത്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ച് നിന്ന് എല്ലാ വിഭാഗം ജനങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണ്
ജോർജ് അലക്സാണ്ടർ മുത്തൂറ്റ്
മാനേജിംഗ് ഡയറക്‌ടർ
മുത്തൂറ്റ് ഫിനാൻസ്
ദേശീയ തലത്തിൽ വിപുല സാന്നിദ്ധ്യം
രാജ്യമൊട്ടാകെ ഏഴായിരത്തിലധികം ശാഖകളുമായി സ്വർണ പണയ വിപണിയിൽ അതിവേഗം പ്രവർത്തനം വിപുലീകരിക്കുകയാണ് മുത്തൂറ്റ് ഫിനാൻസ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,508 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. 1.08 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്നത്.
....................
ഇന്ത്യയൊട്ടാകെ പുതിയ ശാഖകൾ തുറന്നും നവീനമായ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ചും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ധനകാര്യ സേവനങ്ങൾ ലഭ്യമാക്കി മികച്ച വളർച്ച നേടുന്ന മുത്തൂറ്റ് ഫിനാൻസിന് വിപണി മൂല്യത്തിലെ ചരിത്ര നേട്ടം അഭിമാനകരമാണ്
ജോർജ് ജേക്കബ് മുത്തൂറ്റ്
ചെയർമാൻ
മുത്തൂറ്റ് ഫിനാൻസ്
മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണ ശേഖരം
200 ടൺ
കേരളത്തിലെ ഉയർന്ന മൂല്യമുള്ള കമ്പനികൾ
മുത്തൂറ്റ് ഫിനാൻസ് - 1.01 ലക്ഷം കോടി രൂപ
എഫ്.എ.സി.ടി - 67,887 കോടി രൂപ
കൊച്ചിൻ ഷിപ്പ്‌യാർഡ്- 60,572 കോടി രൂപ
കല്യാൺ ജുവലേഴ്‌സ്- 56,924 കോടി രൂപ
ഫെഡറൽ ബാങ്ക് - 52,252 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |