തിരുവനന്തപുരം: ആധാരവും ചെക്കുകളും തട്ടിയെടുത്തതായി കാട്ടി പരാതി നൽകാനെത്തിയ യുവതിയെ മ്യൂസിയം പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന് പരാതി.സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരിയെയാണ് 22 ദിവസം ജയിലിലടച്ചത്. ഇതുസംബന്ധിച്ച് മ്യൂസിയം എസ്.ഐ വിപിൻ,തട്ടിപ്പുകാരൻ അജയ് ഘോഷ് എന്നിവർക്കെതിരെ യുവതിയും കുടുംബവും ഡി.ജി.പിക്ക് പരാതി നൽകി.
സൗദി അറേബ്യയിൽ ജനിച്ചുവളർന്ന ഹിന്ദ് ലിയാഖത്ത് എന്ന യുവതി 5 വർഷം മുൻപാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെ ധനകാര്യ സ്ഥാപനത്തിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. സ്വന്തമായി ബിസിനസ് തുടങ്ങാൻ വായ്പയെടുത്ത് നൽകാമെന്നു പറഞ്ഞാണ് അജയ് ഘോഷ് എന്നയാൾ കബളിപ്പിച്ചതെന്ന് യുവതി പറയുന്നു.
വട്ടിയൂർക്കാവ് കെ.എസ്.എഫ്.ഇയിലെ മുടക്ക ചിട്ടിയടച്ച്,ചിട്ടി പിടിച്ച് നൽകാമെന്നായിരുന്നു അജയഘോഷ് നൽകിയ വാഗ്ദാനം. മൂന്ന് മുടക്ക ചിട്ടികളടയ്ക്കാനുള്ള തുകയായ 2.20 ലക്ഷം രൂപ നൽകാൻ ഇയാൾ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും പണം കൈയിലില്ലെന്ന് യുവതി അറിയിച്ചു. ഇതോടെ പണം താൻ അടയ്ക്കാമെന്നും ഗ്യാരന്റിയായി ബ്ലാങ്ക് ചെക്ക് നൽകണമെന്നും ആവശ്യപ്പട്ടു.
തുടർന്ന് യുവതി ചെക്ക് ലീഫ് ഒപ്പിട്ടുനൽകി. രണ്ടു മാസത്തിന് ശേഷവും ചിട്ടി വീണില്ലെന്നായിരുന്നു പറഞ്ഞത്.
കെ.എസ്.എഫ്.ഇ യിൽ നിന്നും വായ്പ്പ സംഘടിപ്പിക്കാനായി ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമിയുടെ ആധാരവും ഒപ്പം എഗ്രിമെന്റും ഒപ്പിട്ട് വാങ്ങി. വായ്പ കിട്ടാതായതോടെ ഹിന്ദ് രേഖകൾ തിരിച്ചുചോദിച്ചു. ആധാരവും ചെക്ക് ലീഫുകളും അജയ് ഘോഷ് ദുരുപയോഗം ചെയ്യുമെന്ന ഭയത്താൽ മ്യൂസിയം പൊലീസിൽ പരാതി നൽകി. എന്നാൽ കേസെടുത്തില്ല.
ഇതോടെയാണ് കമ്മിഷണറെ സമീപിച്ചത്. കമ്മിഷണറുടെ നിർദ്ദേശ പ്രകാരം മ്യൂസിയം സ്റ്റേഷനിൽ വീണ്ടും എത്തിയെങ്കിലും മൊഴി രേഖപ്പെടുത്താൻ പോലും എസ്.ഐ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.
പിന്നീട് യുവതി ജോലിചെയ്ത ധനകാര്യ സ്ഥാപനത്തിൽ നിന്ന് സ്വർണം തിരിച്ചു കൊടുക്കുന്നില്ലെന്ന് പരാതിയുമായി ഒരാൾ എത്തുകയും ഈ പരാതിയിൽ യുവതിയെ പ്രതിയാക്കി കേസെടുത്ത് ജയിലിലടയ്ക്കുകയുമായിരുന്നത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |